കൊല്ലം: ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ രോഗിയായ ബന്ധുവിന് കൂട്ടിരിപ്പിനായി എത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച സംഭവത്തിൽ നഴ്സിങ് ഓഫീസർ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ താമസിക്കുന്ന മിഗ്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. യൂട്യൂബർ കൂടിയാണ് അറസ്റ്റിലായ മിഗ്ദാദ്.
ചൊവ്വാഴ്ച പുലർച്ചെ കാഷ്വാലിറ്റിക്ക് സമീപമുള്ള ലിഫ്റ്റിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ആശുപത്രി വാർഡിലേക്ക് പോകാനായി പെൺകുട്ടി ലിഫ്റ്റിൽ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഭയന്നോടിയ പെൺകുട്ടി വിവരം മാതാവിനോട് പറയുകയും ഉടൻ തന്നെ കുടുംബത്തോടൊപ്പം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
പരാതി ലഭിച്ചതോടെ വിവരമറിഞ്ഞ് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ഈസ്റ്റ് പൊലീസ് സംഘം ആശുപത്രി പരിസരത്തുനിന്നുതന്നെ തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.








