കൊച്ചി; ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ ശക്തമായി പ്രതികരിച്ച് സംവിധായകൻ മേജർ രവി. ഹിന്ദുക്കളുടെ വിശ്വാസത്തിൽ കയറി ചൊറിയാൻ ഷംസീർ ആരാണെന്നും എന്തുകൊണ്ടാണ് സ്വന്തം മതത്തെക്കുറിച്ച് ഷംസീർ സംസാരിക്കാത്തതെന്നും മേജർ രവി ചോദിക്കുന്നു. സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടുകൾ ആവർത്തിക്കുകയാണ്. ഇക്കാരണത്താലാണ് ഹിന്ദു വിശ്വാസികൾ കുറച്ചെങ്കിലും ഒരുമിക്കുന്നതെന്നും മേജർ രവി പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ മേജർ രവി പ്രതികരണവുമായി രംഗത്തെത്തിയത്.
ഉമ്മൻചാണ്ടിയുടെ മരണത്തെ കുറിച്ച് തുടങ്ങിയാണ് മേജർ രവി വിഷയത്തിലേക്ക് കടന്നുവന്നത്. ജനങ്ങളുടെ തോളിൽ കൈ വെച്ച് സംസാരിക്കാനുള്ള മനസ്സുണ്ടായാൽ മാത്രമെ നിങ്ങൾ ജനസമ്മതനാകൂ. ഉമ്മൻചാണ്ടിസാറിൻറെ വിയോഗത്തിൻറെ വേളയിൽ കേരളത്തിലെ ജനങ്ങളുടെ വികാരം അതാണ് തെളിയിക്കുന്നതെന്നും മേജർ രവി വ്യക്തമാക്കുന്നു. ഷംസീർ പരസ്യമായിട്ടാണ് എൻറെ വിശ്വാസത്തെ പരിഹസിച്ചത്. എനിക്കും അദ്ദേഹത്തിൻറെ മതത്തെക്കുറിച്ച് ചിലചോദ്യങ്ങൾ ചോദിക്കാനാവും. ഞങ്ങളൊന്നും അത്തരത്തിൽ തരം താഴാനാവില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് സൂചിപ്പിച്ചുകൊണ്ടാണ് മേജർ രവി എഫ് ബി ലൈവ് അവസാനിപ്പിക്കുന്നത്.
ഞാൻ ഹിന്ദുവാണ്. എന്നാൽ ഇന്നുവരെ ഒരു ക്രിസ്ത്യാനിയുടെയോ, മുസ്ലീമിൻറയോ വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല. നിങ്ങൾ അധികാരത്തിൽ ഇരിക്കുകയാണെങ്കിൽ മറ്റുള്ളവരെ വെട്ടിയിട്ടും കുത്തിയിട്ടും അല്ല അധികാരം സ്ഥാപിക്കേണ്ടതെന്നും മേജർ രവി പറയുന്നു. ഭരണകസേരയിൽ ഇരുക്കുമ്പോൾ നിഷ്പക്ഷമായി കാര്യങ്ങളെ കാണാൻ നിങ്ങൾക്ക് സാധിക്കണം.
‘ഗണപതി മിത്താണോ, മിഥ്യയാണോ എന്നൊക്കെയാണ് ചിലരുടെ ആരോപണങ്ങൾ. നിങ്ങളാരാണ് ഹേ.. എന്റെ മതത്തിൽ കയറി, എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിങ്ങളാരാണ്. നിങ്ങൾക്കൊരു അധികാര കസേര കിട്ടിയെന്ന് കരുതി എന്തും ചെയ്യാം എന്നാണോ. എന്നിട്ട് പറയും നിങ്ങൾക്ക് ജാതി, മതം ഒന്നുമില്ല എന്ന്. എന്നിട്ട് എന്തേ ഷംസീർ, നിങ്ങൾ നിങ്ങളുടെ മതത്തെപ്പറ്റി പറയാഞ്ഞത്’,എന്നായിരുന്നു മേജർ രവിയുടെ ചോദ്യം.
‘എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് വന്നതിൽ സന്തോഷമുണ്ട്. നിങ്ങൾ 76 ഹൂറിമാരുടെ കണക്ക് ആദ്യം കൊടുക്ക് എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. അങ്ങനെ അദ്ദേഹം പറയണമെങ്കിൽ അദ്ദേഹത്തിന്റെ മനസ്സിന് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും. ഹിന്ദുക്കൾ ഉറങ്ങി കിടക്കുവായിരുന്നു. നിങ്ങൾ അവരെയെല്ലാം ഒന്നിപ്പിച്ചു, നിങ്ങൾ ചൊറിഞ്ഞ് ചൊറിഞ്ഞ് ഹിന്ദുവിനെ ഉണർത്തി. അത്രതന്നെ’- മേജർ രവി പറഞ്ഞു
Discussion about this post