ഛണ്ഡീഗഡ് : നൂഹ് കലാപത്തിൽ സമൂഹമാദ്ധ്യമങ്ങൾ വഴി കലാപത്തിന് ആക്കംകൂട്ടിയതിന്റെ പേരിൽ മൂന്ന് പുതിയ കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തു.
പ്രകോപനപരവും വിദ്വേഷപരവുമായ ഉള്ളടക്കത്തിലൂടെ നൂഹിലെ വർഗീയ കലാപത്തിന് ആക്കം കൂട്ടി എന്നതാണ് പുതിയ കേസുകൾ. ഇതുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് മൂന്ന് പുതിയ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കലാപം പൊട്ടിപ്പുറപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അക്രമത്തിന് പ്രേരിപ്പിക്കുന്ന ഭീഷണികളടങ്ങുന്ന പോസ്റ്റുകൾ വിവിധ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഹരിയാന പോലീസ് രൂപീകരിച്ച സ്‌പെഷൽ സോഷ്യൽ മീഡിയ ടീം സമൂഹമാധ്യമങ്ങളിൽ കലാപത്തിന് മുമ്പ് പ്രചരിപ്പിക്കപ്പെട്ടിരുന്ന പ്രകോപനപരമായ ഇരുപതോളം വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. പോലീസ് സംഘം ഈ വീഡിയോകൾ കൂടുതൽ വിശകലനം ചെയ്തു വരികയാണ്.
ജൂലായ് 31 ന് നൂഹിൽ ആരംഭിച്ച കലാപം പിന്നീട് ഗുരുഗ്രാമിലേക്ക് പടരുകയും രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ ആറ് പേരുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്തു. നൂഹ് കലാപവുമായി ബന്ധപ്പെട്ട ഡൽഹിക്ക് സമീപമുള്ള പൽവാൽ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും തീവെപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നൂഹിലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 116 പേരെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 90 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. അക്രമത്തിന് ഉത്തരവാദികളായ ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കിയിരുന്നു.








