ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത നൽകിയ പത്രസ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരുങ്ങുന്നു. പ്രമുഖ ഇസ്രായേലി ദിനപത്രമായ ‘ഹാആറെറ്റ്സ്’ (Haaretz) പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെതിരെയാണ് നെതന്യാഹു മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഒന്നര ആഴ്ച മുമ്പ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് പത്രം അവകാശപ്പെട്ടത്. എന്നാൽ ഈ വാർത്ത പൂർണ്ണമായും വ്യാജവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിർമ്മിക്കപ്പെട്ടതുമാണെന്ന് നെതന്യാഹു വ്യക്തമാക്കി.
തന്റെ ഓഫിസിലെയും നാഷണൽ സെക്യൂരിറ്റി കൗൺസിലിലെയും രേഖകൾ പരിശോധിച്ചതിൽ നിന്നും അത്തരമൊരു ഫോൺ സംഭാഷണം നടന്നിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ഇത്തരം റിപ്പോർട്ടുകളെന്നും അദ്ദേഹം ആരോപിച്ചു. ഹമാസ് ആക്രമണത്തെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങൾ സൈനിക മേധാവികൾക്ക് കൈമാറുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. വാർത്ത എഴുതിയ മാധ്യമപ്രവർത്തകർക്കെതിരെയും പത്രത്തിനെതിരെയും കടുത്ത നിയമനടപടി സ്വീകരിക്കുമെന്നാണ് നെതന്യാഹു അറിയിച്ചിരിക്കുന്നത്.
അതേസമയം, പുറത്തുവന്ന വാർത്തയിൽ തങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന് ‘ഹാആറെറ്റ്സ്’ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികളിൽ നിന്നും ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതെന്നാണ് പത്രത്തിന്റെ നിലപാട്. എന്നാൽ നേതാക്കൾ തമ്മിലുള്ള സംഭാഷണങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിഷയം ഇസ്രായേൽ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.








