ശബരിമല ക്ഷേത്രത്തെയും പ്രതിഷ്ഠകളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും ഉടനടി നീക്കം ചെയ്യാൻ മെറ്റ അധികൃതർക്ക് കേരള ഹൈക്കോടതി നിർദ്ദേശം നൽകി. അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ ആക്റ്റിവിസ്റ്റ് സണ്ണി എം കപിക്കാട് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ ഉള്ളടക്കങ്ങൾ ദശലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജി പരിഗണിച്ച ജസ്റ്റിസ് ജി ഗിരീഷ്, കേസിന് ആസ്പദമായ വീഡിയോ നേരിട്ട് കാണുകയും തുടർന്നാണ് മെറ്റയ്ക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തത്. വിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾ അടങ്ങിയ നിർദ്ദിഷ്ട വെബ് വിലാസങ്ങൾ (URL) എത്രയും വേഗം ബ്ലോക്ക് ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരൻ ചൂണ്ടിക്കാണിച്ച പ്രധാന വീഡിയോയ്ക്ക് പുറമെ, ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റ് സമാനമായ ലിങ്കുകളും പരിശോധിച്ചു നീക്കം ചെയ്യാൻ ഹർജിക്കാരന്റെ അഭിഭാഷകരോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴി പടരുന്നത് തടയാൻ സർക്കാരും പോലീസും കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സൈബർ ഇടങ്ങളിൽ ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയം കൂടുതൽ വാദം കേൾക്കുന്നതിനായി ഒക്ടോബർ ആറിലേക്ക് മാറ്റി.








