ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുന്നതിനായി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികൾ വരുത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ‘ഡാർക്ക് പാറ്റേണുകൾ’, സ്പോൺസേർഡ് ലിസ്റ്റിംഗുകൾ, വ്യാജ ഓഫറുകൾ എന്നിവ തടയാനാണ് പുതിയ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം എല്ലാ ഇ-കോമേഴ്‌സ് കമ്പനികളും നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനുമായി (NCH) പങ്കാളികളാകണമെന്നും പരാതികളുടെ പകർപ്പ് ഉപഭോക്താക്കൾക്ക് നിർബന്ധമായും നൽകണമെന്നും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്.
പുതിയ നിയമപ്രകാരം ഉൽപ്പന്നങ്ങൾക്ക് വ്യാജ ഡിസ്‌കൗണ്ടുകൾ കാണിക്കുന്നത് തടയാൻ കഴിഞ്ഞ 30 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില കൂടി പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമാക്കേണ്ടതുണ്ട്. സെർച്ച് റിസൾട്ടുകളിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയും ഇനി അനുവദിക്കില്ല. പരസ്യങ്ങൾക്കായി പണം നൽകിയുള്ള സ്പോൺസേർഡ് ലിസ്റ്റിംഗുകൾ ആണെങ്കിൽ അത് വ്യക്തമായി രേഖപ്പെടുത്തണം. കൂടാതെ ഉൽപ്പന്നങ്ങളുടെ കാലാവധി, മടക്കിനൽകാനുള്ള നിബന്ധനകൾ, ഇമ്പോർട്ട് ചെയ്ത സാധനങ്ങളുടെ രാജ്യം തുടങ്ങിയ വിവരങ്ങളും കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ട്.
കമ്പനികൾ വർഷത്തിലൊരിക്കൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സ്വയം പരിശോധന നടത്തി അതിന്റെ സർട്ടിഫിക്കറ്റ് സൈറ്റുകളിൽ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ അവരുടെ അനുമതിയില്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും അധിക നിരക്കുകൾ ഈടാക്കുന്നതും തടഞ്ഞിട്ടുണ്ട്. 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ ചട്ടങ്ങൾ ഓൺലൈൻ വ്യാപാര രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കാൻ സഹായിക്കും.








