തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും മിത്ത് വിവാദത്തിൽ പുതിയ തീരുമാനവുമായി സിപിഎം. വിവാദവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതിനിധിയെ അയക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. മിത്ത് വിവാദം സജീവ ചർച്ചയാക്കി ഊതിപ്പെരുപ്പിക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ തീരുമാനം.
സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞതിൽ തെറ്റില്ല. ഈ വിഷയത്തിലുള്ള പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടണം. മിത്ത് വിവാദം കേന്ദ്ര നേതൃത്വത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.
മിത്ത് പരാമർശത്തിൽ എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം മലക്കം മറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ഗണപതി മിത്താണെന്ന് ഗോവിന്ദൻ പറഞ്ഞിരുന്നു.ഡൽഹിയിലെത്തിയപ്പോഴാണ് മലക്കം മറിഞ്ഞത്.ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച എംവിഗോവിന്ദൻ പാർട്ടി വിശ്വാസികളോടൊപ്പമാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാദത്തിന് തിരി കൊളുത്തിയ സ്പീക്കർ ഷംസീര് ഇത് വരെ നിലപാട് തിരുത്തിയിട്ടില്ല.
മിത്ത് വിവാദത്തിൽ ഈ വരുന്ന 8ാം തീയതി നിയമസഭയിലേക്ക് യുവമോർച്ച മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 10 ന് ബിജെപി യുടെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലേക്ക് നാമജപ യാത്ര സംഘടിപ്പിക്കുമെന്നും ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചിരുന്നു.












