ഭോപ്പാല്‍ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനസ്ഥാപിച്ചത് താല്‍ക്കാലിക ആശ്വാസം മാത്രമാണെന്ന് ബിജെപി എം പി തേജസ്വി സൂര്യ. അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് തിങ്കളാഴ്ച രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്.
”അന്തിമ ഹിയറിംഗ് നടന്ന് കേസില്‍ വിധി വരുന്നത് വരെയുള്ള താല്‍ക്കാലിക ആശ്വാസം മാത്രമാണിത്. ഗുജറാത്ത് ഹൈക്കോടതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചാല്‍, സ്വാഭാവികമായും രാഹുല്‍ ഗാന്ധിയുടെ അംഗത്വം വീണ്ടും റദ്ദാക്കപ്പെടും. ഇപ്പോഴത്തെ സ്റ്റേ നിലനില്ക്കുവോളം അദ്ദേഹത്തിന് സന്തോഷിക്കാം’, ബെംഗളൂരു സൗത്തില്‍ നിന്നുള്ള ലോക്സഭാംഗമായ സൂര്യ പറഞ്ഞു.
പാര്‍ലമെന്റിലെത്തിയ രാഹുലിന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ എംപിമാരും സ്വീകരണം നല്കി. ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അയോഗ്യത റദ്ദാക്കിയതായും അംഗത്വം പുനഃസ്ഥാപിച്ചതായും ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത് കോടതി അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കുകയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തതിന് ശേഷം മാര്‍ച്ച് 24 ന് രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാകുകയായിരുന്നു. 134 ദിവസത്തിന് ശേഷമാണ് രാഹുലിന് അംഗത്വം തിരിച്ച് കിട്ടുന്നത്.
രണ്ട് വര്‍ഷവും അതില്‍ കൂടുതലോ ലഭിക്കുന്ന ശിക്ഷ ഒരു ജനപ്രതിനിധിയെ സ്വയമേ അയോഗ്യനാക്കുന്നു. ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് വഴിയൊരുക്കി കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ സ്റ്റേ ചെയ്തിരുന്നു.
Discussion about this post