ശ്രീഹരിക്കോട്ട : ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 പേടകം രണ്ടാം ഘട്ട ആകര്‍ഷണ വലയം താഴ്ത്തലും വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതോടെ ചന്ദ്രനില്‍ നിന്ന് വെറും 1437 കിലോമീറ്ററുകള്‍ മാത്രം ദൂരെയാണ് ചന്ദ്രയാന്‍ 3 പേടകം. അഞ്ച് ഘട്ടങ്ങളിലായായി നടത്തപ്പെടുന്ന ആകര്‍ഷണ വലയം താഴ്ത്തലിന്റെ മൂന്നാം ഘട്ടം ഈ മാസം 14ന് രാവിലെ 11.30 ക്കും 12.30ക്കും ഇടയ്ക്ക് നടക്കും.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ പേടകം 22 ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 5 നാണ് ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പ്രവേശിച്ചത്. ഈ മാസം 17ന് ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്ത് എത്തിയ ശേഷം പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. ആകര്‍ഷണ വലയം താഴ്ത്തലിന്റെ അഞ്ച് ഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ ഓഗസ്റ്റ് 23ന് വൈകിട്ട് 5.47ന് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറക്കാനാവുമെന്നാണ് പ്രതീക്ഷ. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ചന്ദ്രനില്‍ എത്തുന്ന ലോകത്തെ നാലാമത്തെ രാജ്യമാകും ഇന്ത്യ.
നേരത്തെ 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാതെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറി എന്ന പഥത്തിലൂടെ സഞ്ചരിച്ചാണ് ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് ചന്ദ്രയാന്‍ 3 എത്തിച്ചേര്‍ന്നത്. 17 ദിവസം ഭൂമിയെ വലം വെച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ 3 മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് നീങ്ങിയത്.








