ന്യൂഡൽഹി : ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാദമിയുടെ വിശിഷ്ടമായ ‘സാവറിൻ പരേഡിൽ’ പ്രതിനിധി ആകാൻ ഇന്ത്യൻ കരസേനാ മേധാവിയ്ക്ക് പ്രത്യേക ക്ഷണം. പരേഡ് ചടങ്ങുകളിൽ പങ്കെടുക്കാനായി അഞ്ച് ദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ബുധനാഴ്ച യുകെയിലേക്ക് പുറപ്പെട്ടു. റോയൽ മിലിട്ടറി പരേഡിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ കരസേന മേധാവി ആണ് ജനറൽ മനോജ് പാണ്ഡെ.
സൈനിക പരേഡിൽ പങ്കെടുക്കുന്നതോടൊപ്പം അദ്ദേഹം ഉഭയകക്ഷി വിഷയങ്ങളിൽ ഉന്നത ബ്രിട്ടീഷ് പ്രതിരോധ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്യും.
സാൻഡ്ഹർസ്റ്റിലെ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമിയിലെ 201-ാമത് പരേഡ് ഓഫ് കമ്മീഷനിംഗ് കോഴ്സ് ജനറൽ പാണ്ഡെ അവലോകനം ചെയ്യുമെന്ന് സൈന്യം അറിയിച്ചു.
യു കെ സന്ദർശനത്തിൽ ജനറൽ പാണ്ഡെ ബ്രിട്ടീഷ് ആർമിയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ പാട്രിക് സാൻഡേഴ്സ്, യുകെ ആംഡ് ഫോഴ്സിന്റെ വൈസ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ഗ്വിൻ ജെങ്കിൻസ് എന്നിവരുമായി ചർച്ചകൾ നടത്തും. പ്രതിരോധ സഹകരണം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങൾ ആയിരിക്കും ചർച്ചയിൽ ഉന്നയിക്കപ്പെടുക. യുകെ സ്ട്രാറ്റജിക് കമാൻഡ് കമാൻഡർ ജനറൽ ജെയിംസ് ഹോക്കൻഹൾ, കമാൻഡർ ഫീൽഡ് ആർമി ലെഫ്റ്റനന്റ് ജനറൽ റാൽഫ് വുഡ്ഡിസെ എന്നിവരുമായും ഇന്ത്യൻ കരസേനാ മേധാവി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.
Discussion about this post