മോസ്‌കോ: അരനൂറ്റാണ്ടിന് ശേഷം ചാന്ദ്രദൗത്യവുമായി റഷ്യ. രാജ്യത്തിന്റെ 47 വർഷത്തിന് ശേഷമുള്ള ആദ്യ ചാന്ദ്രദൗത്യമായ ലൂണ 25 വിക്ഷേപിച്ചുയ. പ്രാദേശികസമയം പുലർച്ചെ 2:30 ന് വോസ്‌റ്റോകനി കോസ്‌മോഡ്രോമിൽ നിന്നാണ് പേടകം കുതിച്ചുയർന്നത്. 2.1 ബി റോക്കറ്റാണ് ലൂണയെ വഹിക്കുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ3 വിക്ഷേപിച്ച് ദിവസങ്ങൾക്കുള്ളിലാണ് റഷ്യയുടെ ദൗത്യവും.
ലൂണ 25 വിക്ഷേപിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ചന്ദ്രോപരിതലത്തിൽ എത്തുകയും അഞ്ച് മുതൽ ഏഴ് വരെ ദിവസങ്ങളിൽ ലൂണാർ ഓർബിറ്റിൽ തുടർന്ന ശേഷം ചന്ദ്രനിൽ ദക്ഷിണ ധ്രുവത്തിന് സമീപത്തെ ഉചിതമായ ഇടത്ത് ഇറങ്ങുമെന്നാണ് റഷ്യൻ സ്‌പേയ്‌സ് ഏജൻസി നൽകുന്ന വിവരങ്ങൾ. ജൂലൈ 14 ന് വിക്ഷേപിച്ച ചാന്ദ്രയാൻ 3 ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ ഓഗസ്റ്റ് 23ാടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ധന ടാങ്കുകളും നാല് കാലുകളിലായുള്ള ലാൻഡിംഗ് റോക്കറ്റോടും കൂടിയതാണ് ലൂണ 25ൻറെ ലാൻഡർ. സോളാർ പാനലുകളും കമ്യൂണിക്കേഷൻ ഗിയർ, കംപ്യൂട്ടർ, ശാസ്‌ത്രോപകരണങ്ങൾ എന്നിവ കൊണ്ടും സജ്ജമാണ് ലൂണ 25. ഇന്ധനമില്ലാതെ 800 കിലോ ഭാരവും ഇന്ധനത്തോടെ 950 കിലോ ഭാരവുമാണ് ലൂണ 25ന് ഉണ്ടാവുകയെന്നാണ് നിരീക്ഷണം. ലാൻഡറിൽ 1.6 മീറ്റർ നീളമുള്ള ലൂണാർ റോബോട്ടിക് ആമിൻറെ സഹായത്തോടെ ചന്ദ്രോപരിതലത്തിൽ 20-30 സെന്റീ മീറ്റർ അഴത്തിൽ കുഴിക്കാനാവും.
സോഫ്റ്റ് ലാൻഡിംഗ് സാങ്കേതികവിദ്യകളുടെ വികസനം, ചന്ദ്രന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള ഗവേഷണം, ജലം ഉൾപ്പെടെയുള്ള വിഭവങ്ങൾക്കായുള്ള പര്യവേക്ഷണം എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.ലാൻഡർ ഒരു വർഷത്തേക്ക് ചന്ദ്രോപരിതലത്തിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post