ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി ഒരുങ്ങുന്നതിനിടെ കശ്മീരിൽ തിരംഗ റാലി സംഘടിപ്പിച്ച് പോലീസ്. ‘മേരി മാട്ടി മേരി ദേശ്’ എന്ന പേരിലായിരുന്നു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ റാലി സംഘടിപ്പിച്ചത്. വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ റാലിയ്ക്ക് പുറമേ മറ്റ് പരിപാടികളും നടന്നു.
ജനങ്ങളിൽ ദേശീയ ബോധം വളർത്തുക ലക്ഷ്യമിട്ടാണ് പോലീസ് റാലി സംഘടിപ്പിച്ചത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ. പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും തിരംഗ റാലിയിൽ പങ്കെടുത്തു. ഇന്ത്യയുടെ ശോഭനമായ ഭാവി രൂപപ്പെടുത്താൻ പ്രയത്‌നിക്കുമെന്ന് റാലിയിൽ എല്ലാവരും പ്രതിജ്ഞ ചെയ്തു.
അതേസമയം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ അതീവ ജാഗ്രതയിലാണ് കശ്മീർ പോലീസ്. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ജമ്മു കശ്മീർ ഡിജിപി മുകേഷ് സിംഗിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. സ്വാതന്ത്ര്യദിനാഘോഷ വേദികളുടെ പരിസരങ്ങളിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ആർമി, ബിഎസ്എഫ്, സിആർപിഎഫ്, രഹസ്യാന്വേഷണ ഏജൻസികൾ, സുരക്ഷാ വിഭാഗം എന്നിവരിൽ നിന്നും വിവരങ്ങൾ തേടി.
ഭീകരാക്രമണത്തിന്റെ സാദ്ധ്യത കണക്കിലെടുത്ത് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഉൾപ്പെടെ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post