തിരുവനന്തപുരം: 14, 15 തിയതികളില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ ബിജെപി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം, കൊച്ചിയില്‍ സംയുക്ത കമാന്‍ഡര്‍മാരുടെ യോഗം, കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര് ശങ്കറിന്റെ പ്രതിമ അനാച്ഛാദനം, ശിവഗിരി മഠത്തിലെ വൃക്ഷതൈ നടീല്‍ തുടങ്ങിയവയാണ് നരേന്ദ്രമോദിയുടെ പരിപാടികള്‍. പ്രത്യേക മന്ത്രിസഭ യോഗത്തിലും മോദി പങ്കെടുക്കും.
14 ന് വൈകിട്ട് 4.10 നു പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ ഐ.എന്‍.എസ്. ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ എത്തിച്ചേരും. അവിടത്തെ സ്വീകരണത്തിനുശേഷം 4.15 ന് ഹെലികോപ്റ്ററില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്മെന്റ് കോളജ് ഗ്രൗണ്ടിലേക്കു തിരിക്കും. 4.50 നു തേക്കിന്‍കാട് മൈതാനത്തിലെത്തുന്ന പ്രധാനമന്ത്രി അഞ്ചിനു പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 6.05 ന് കൊച്ചിയിലേക്കു റോഡ് മാര്‍ഗം തിരിച്ച് 7.15 ന് കൊച്ചി താജ് മലബാറിലെത്തുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും.
15 നു രാവിലെ 8.50 ന് പ്രധാനമന്ത്രി ഐ.എന്‍.എസ്. ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ റോഡ് മാര്‍ഗം എത്തും. ഒമ്പതിനു ട്രൈ സര്‍വീസ് ഗാര്‍ഡ് ഓഫ് ഓണര്‍. തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്ററില്‍ 9.30 ന് ഐ.എന്‍.എസ്. വിക്രമാദിത്യയിലെത്തിച്ചേരുന്ന പ്രധാനമന്ത്രി 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാന്‍ഡര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. 1.45 ന് ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രാമം മൈതാനത്തേക്ക് തിരിക്കുന്ന അദ്ദേഹം 2.35 ന് അവിടെ എത്തിച്ചേരും. 2.45 ന് എസ്.എന്‍. കോളജിലെത്തുന്ന പ്രധാനമന്ത്രി മുന്‍ മുഖ്യമന്ത്രി ആര്. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 3.30 വരെയാണ് എസ്.എന്‍. കോളജിലെ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുക. ഹെലികോപ്റ്ററില്‍ 4.05 ന് വര്‍ക്കലയില്‍ എത്തുന്ന അദ്ദേഹം 4.15 ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുവിന് ആദരമര്‍പ്പിച്ച ശേഷം ശിവഗിരിയില്‍ വൃക്ഷത്തൈ നടും. 4.35 വരെ പ്രധാനമന്ത്രി ശിവഗിരി മഠത്തില്‍ ചെലവഴിക്കും.
4.50 ന് ശംഖുമുഖത്തേക്ക് ഹെലികോപ്റ്ററില്‍ യാത്രതിരിക്കുന്ന പ്രധാനമന്ത്രി 5.10 ന് ശംഖുമുഖം വ്യോമസേന ടെക്നിക്കല്‍ ഏരിയയില്‍ എത്തിച്ചേരും. 5.15 നു വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ ഡല്‍ഹിയിലേക്കു മടങ്ങും.
പ്രത്യേക മന്ത്രിസഭ യോഗത്തില്‍ കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ മന്ത്രിമാര്‍ മോദിയെ ധരിപ്പിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് മന്ത്രിമാര്‍ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ വെക്കുക.
Discussion about this post