തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തനിയ്ക്കും മേയർ ആര്യാ രാജേന്ദ്രനുമെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സച്ചിൻ ദേവ് എംഎൽഎ. ബസിന്റെ ഫുട്‌ബോർഡിൽ കയറി നിന്ന് കണ്ടക്ടറോട് ആണ് സംസാരിച്ചത്. യാത്രികരോട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സച്ചിൻ ദേവ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നും ആവർത്തിച്ചു.
അപകടം വരുത്തി വയ്ക്കുന്ന രീതിയിൽ അമിത വേഗത്തിലായിരുന്നു ഡ്രൈവർ ബസ് ഓടിച്ചിരുന്നത്. ആര്യയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും നേരെ അയാൾ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്നാൽ ഇതെല്ലാം മാദ്ധ്യമങ്ങൾ അപ്പാടെ തിരസ്‌കരിച്ച് തെറ്റായ വാർത്ത നൽകുന്നു. താൻ ബസിൽ കയറി ആളുകളെ ഇറക്കിവിട്ടിട്ടില്ല. ആരോടും ഇറങ്ങി പോകാൻ പറഞ്ഞിട്ടുമില്ലെന്നും സച്ചിൻ ദേവ് കൂട്ടിച്ചേർത്തു.
പാർട്ടിയിലൂടെ വളർന്നുവന്ന ആളാണ് താൻ. ഒരിക്കലും ആളുകളോട് മോശമായി പെരുമാറാൻ അതിനാൽ കഴിയില്ല. അമ്മ, ഭാര്യ, സഹോദരി എന്നിവരോട് വൈകാരികമായ അടുപ്പമുണ്ട്. അധികാരത്തിന് വേണ്ടി ആത്മാഭിമാനം ഇല്ലാണ്ട് ആക്കുന്ന ആളല്ല താനെന്നും സച്ചിൻ ദേവ് പറഞ്ഞു.
സംഭവത്തിൽ വലിയ സൈബർ ആക്രമണം ആണ് ആര്യയ്ക്ക് നേരെ ഉണ്ടാകുന്നത്. സ്ത്രീകളെ ഇത്തരത്തിൽ മോശപ്പെടുത്തുന്നവരെ നാട് അംഗീകരിക്കില്ല. ഒരുപാട് ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അതിലൊന്നും പേടിയില്ല. തന്നെക്കാൾ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുന്നത് ആര്യയാണ്. ഇതിലൊന്നും പതറില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും സച്ചിൻ ദേവ് വ്യക്തമാക്കി.












