തിരുവനന്തപുരം: രജനി കാന്ത് നായകനായ ജയിലർ സിനിമ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ലുലുമാളിലെ തിയേറ്ററിലെത്തിയാണ് മുഖ്യമന്ത്രി സിനിമ കണ്ടത്. മോഹൻലാൽ ആദ്യമായി രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതുയും ചിത്രത്തിനുണ്ട്. തമിഴിലെ ട്രേഡ് അനലിസ്റ്റ് മനോബാലയാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിൻറെയും വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും രജനികാന്തിൻറെ പുതിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. റിലീസായി നാലു ദിവസം പിന്നിടുമ്പോൾ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളക്ഷൻ റെക്കോഡുകൾ എല്ലാം തകർത്ത് ജയിലർ മുന്നേറുകയാണ്. രജനി കാന്തിന്റെ 169 ആം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.
മലയാളി താരം വിനായകനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വില്ലൻവേഷത്തിലത്തിയ വിനായകന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലറെന്നും വിനായകന്റെ സിനിമയാണിതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
Discussion about this post