ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ അതിർത്തി മേഖലകളിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹെറോൺ ഡ്രോണുകൾ വിന്യസിച്ച് വ്യോമസേന. ചൈനയുടെയും പാകിസ്താന്റെയും ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ സുപ്രധാന നീക്കം. ഹെറോൺ മാർക്ക് 2 ഡ്രോണുകൾ ഉപയോഗിച്ചാണ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
പുതിയ നാല് ഹെറോൺ മാർക്ക് 2 ഡ്രോണുകളാണ് വിന്യസിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ വടക്കൻ മേഖലകളിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം പ്രധാനമായും നടത്തുന്നത്.
എത്ര ഉയരത്തിൽ നിന്നും ശത്രുവിനെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ ഡ്രോണുകൾക്ക് കഴിയും. 36 മണിക്കൂർ തുടർച്ചയായി നിരീക്ഷണം നടത്താം എന്നതാണ് മറ്റൊരു പ്രത്യേകത. കൈകാര്യം ചെയ്യാൻ എളുപ്പമാണ് എന്നതാണ് ഹെറോൺ മാർക്ക് 2 നെ മറ്റ് ഡ്രോണുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. നിരീക്ഷണ ശേഷിയും ഏറെ മികച്ചാണ്. ഒരു രാജ്യത്തിൽ മുഴുവനായി നിരീക്ഷണം നടത്താൻ ഇത്തരം ഡ്രോണുകൾക്ക് കഴിയും.
മറ്റ് ഡ്രോണുകളെ അപേക്ഷിച്ച് ഹെറോൺ മാർക്ക് 2 ഡ്രോണുകൾ അതിർത്തിയിലെ നിരീക്ഷണത്തിന് കൂടുതൽ മികച്ചതാണെന്ന് വിംഗ് കമാൻഡർ പങ്കജ് റാണ പറഞ്ഞു. 24 മണിക്കൂർ നേരവും ഒരു വലിയ മേഖലയിൽ നിരീക്ഷണം നടത്താൻ ഈ ഡ്രോണുകൾക്ക് കഴിയും. എത്ര ഉയരത്തിൽ വേണമെങ്കിലും ഉയർന്ന് പറന്ന് നിരീക്ഷണം നടത്താം. പ്രതികൂല കാലാവസ്ഥയിലും ഹെറോൺ മാർക്ക് 2 മികച്ച പ്രതിരോധം നൽകുന്നു. ഭൂപ്രകൃതി ഡ്രോണിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും റാണ കൂട്ടിച്ചേർത്തു. വിവിധ തരത്തിലുള്ള പ്രതിരോധ ആയുധങ്ങൾ വഹിക്കാൻ ഡ്രോണിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഡ്രോണുകൾ സേനയുടെ ഭാഗമാക്കുന്നത് തുടരുകയാണ് വ്യോമസേന. ഇതിനോട് അനുബന്ധിച്ച് 70 ഇന്ത്യൻ ഡ്രോണുകൾ നവീകരിക്കും. 31 പ്രിഡേറ്റർ ഡ്രോണുകൾ സ്വന്തമാക്കാനും വ്യോമസേന തീരുമാനിച്ചിട്ടുണ്ട്.
Discussion about this post