ഷിംല : ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 48 കടന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കനത്ത നാശമാണ് മഴ ഉണ്ടാക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് പല പ്രധാന റോഡുകളും നിരവധി വീടുകളും തകർന്നിട്ടുണ്ട്.
ഷിംലയിലെ സമ്മർ ഹിൽ പ്രദേശത്തെ ശിവക്ഷേത്രം മഴയിലും മണ്ണിടിച്ചിലിലും തകർന്ന് മരിച്ചവരുടെ എണ്ണം 9 ആയി. ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ നടന്നിരുന്ന ദിവസമായതിനാൽ ധാരാളം ഭക്തജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നത് അപകടത്തിന്റെ ആഴം വർദ്ധിപ്പിച്ചു.
ഫാഗ്ലി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ച് മൃതദേഹങ്ങൾ പുറത്തെടുത്തതായും 17 പേരെ രക്ഷപ്പെടുത്തിയതായും ഷിംല എസ്പി സഞ്ജീവ് കുമാർ ഗാന്ധി അറിയിച്ചു. മേഘവിസ്ഫോടനത്തെ തുടർന്ന് സോളൻ ജില്ലയിലെ ജാഡോൺ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചിരുന്നു. ജില്ലയിൽ രണ്ട് വീടുകളും ഒലിച്ചുപോയി.
സമ്മർ ഹിൽ, ഫാഗ്ലി മേഖലകളിൽ ഉണ്ടായ രണ്ട് ഉരുൾപൊട്ടലിൽ നിരവധി പേർ മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നുണ്ട്. ഞായറാഴ്ച മുതൽ കനത്ത മഴ ഹിമാചൽ പ്രദേശിൽ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് പ്രധാന ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ വലുതും ചെറുതുമായ 700 ലേറെ റോഡുകൾ തടസ്സപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഒമ്പതിലും തിങ്കളാഴ്ച അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
Discussion about this post