കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ പേഴ്സണൽ അസിസ്റ്റന്റ് സുമിത് റോയിയെ സൽബോണി ഭൂമി കൈയേറ്റ കേസിൽ പശ്ചിമ ബംഗാൾ സിഐഡിയും പ്രത്യേക കർമസേനയും (എസ്ടിഎഫ്) ചേർന്ന് അറസ്റ്റ് ചെയ്തു. സുമിത് റോയിക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നീക്കം. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള അഭിഷേക് ബാനർജിയുടെ വസതിയിൽ എത്തിയ അന്വേഷണ സംഘം അവിടെ വെച്ചാണ് സുമിത് റോയിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അദ്ദേഹത്തെ ഭവാനി ഭവനിലുള്ള സിഐഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
സാൽബോണിയിലെ സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ നിർമ്മിച്ച് അനധികൃതമായി വിറ്റഴിക്കുകയും അതുവഴി ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തു എന്നതാണ് സുമിത് റോയിക്കെതിരെയുള്ള പ്രധാന ആരോപണം. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. റോയിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ഈ തട്ടിപ്പ് നടന്നതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കൊൽക്കത്ത ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് മാസത്തിൽ സുമിത് റോയിക്ക് ലഭിച്ചിരുന്ന താൽക്കാലിക സംരക്ഷണം സുപ്രീം കോടതി നീക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ സുമിത് റോയ് കൃത്യമായി സഹകരിച്ചില്ലെന്നും കസ്റ്റഡിയിൽ വിശദമായ അന്വേഷണം അത്യാവശ്യമാണെന്നും അന്വേഷണ സംഘം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്നതാണ് മുതിർന്ന നേതാവിന്റെ അടുത്ത സഹായിയുടെ ഈ അറസ്റ്റ്.








