ലണ്ടൻ : രാജ്യം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലേക്ക് കടക്കുമ്പോൾ യുകെയിൽ നിന്നും ഒരു വ്യത്യസ്തമായ ആശംസയുമായി എത്തിയിരിക്കുകയാണ് മൂന്നുതവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ്. ഇന്ത്യൻ ദേശീയ ഗാനം ഏറ്റവും വലിയ ഓർക്കസ്ട്രയോടെ മനോഹരമായി റെക്കോർഡ് ചെയ്താണ് റിക്കി കെജ് സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്.
100 അംഗങ്ങളടങ്ങിയ ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയ്‌ക്കൊപ്പം റെക്കോർഡ് ചെയ്ത ഇന്ത്യൻ ദേശീയ ഗാനം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് റിക്കി കെജ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് ആശംസകൾ നേർന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ആബി റോഡ് സ്റ്റുഡിയോയിൽ വെച്ചാണ് ഏറ്റവും കൂടുതൽ ഉപകരണങ്ങൾ ഉള്ള ഓർക്കസ്ട്ര ആയ ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയ്‌ക്കൊപ്പം ദേശീയ ഗാനം റെക്കോർഡ് ചെയ്തതെന്ന് റിക്കി കെജ് ട്വീറ്റ് ചെയ്തു.
60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് റിക്കി കെജ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമർശിച്ചുകൊണ്ട് ഒരു ചെറിയ കുറിപ്പും അദ്ദേഹം പങ്കുവെച്ചു. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ലണ്ടനിലെ ഐതിഹാസികമായ ആബി റോഡ് സ്റ്റുഡിയോയിൽ ഞാൻ 100-പീസ് ബ്രിട്ടീഷ് ഓർക്കസ്ട്രയായ ദി റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയോടൊപ്പം ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിച്ചു . ഇന്ത്യയുടെ ദേശീയ ഗാനം റെക്കോർഡ് ചെയ്ത ഏറ്റവും വലിയ ഓർക്കസ്ട്രയാണിത്. അത് ഗംഭീരമാണ്! അവസാനത്തെ “ജയ ഹേ” എന്നെ ഞെട്ടിച്ചു. ഒരു ഇന്ത്യൻ സംഗീതസംവിധായകൻ എന്ന നിലയിൽ ശരിക്കും മികച്ചതായി തോന്നി. ഈ സ്വാതന്ത്ര്യ ദിനത്തിൽ ഈ ചരിത്രപരമായ റെക്കോർഡിംഗ് ഞാൻ നിങ്ങളോരോരുത്തരുമായും പങ്കിടുന്നു – ഇത് ഇപ്പോൾ നിങ്ങളുടേതാണ്. പങ്കിടുക, കാണുക. ബഹുമാനത്തോടെ, ജയ് ഹിന്ദ്. #സ്വാതന്ത്ര്യദിനാശംസകൾ #Rickykej @narendramodi.”
ഇന്ത്യൻ ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് അദ്ദേഹത്തിന്റെ ഈ ട്വീറ്റിന് ലഭിക്കുന്നത്.
Discussion about this post