(പെന്‍ഡ്രൈവ്) നന്ദികേശന്
വന്നുവന്ന് ഈ നരേന്ദ്രമോദി സര്‍ക്കാരിനു പകപോക്കല്‍ മാത്രമേ ഉള്ളൂ എന്നായി..!! ഖാന്മാരെ വിട്ട് ഇപ്പോള്‍ അപ്പാവികളായ ഒരമ്മയുടെയും മകന്റെയും പുറത്തേയ്ക്കാണ് അസഹിഷ്ണുതയുടെ ഏണി ചാരിവെച്ച് കയറി നിന്ന് പകപോക്കുന്നത്..!! പക്ഷേ കുല്‍ബര്‍ഗി ഖാന് മാരെപ്പോലെയല്ല ഈ മാതൃപുത്രന്മാര് എന്ന് മോദി മനസ്സിലാക്കിക്കോളൂ..!! രാജ്യം ഭരിച്ച ഇന്ദിരാഗാന്ധിയുടെ മരുമോള് ആണ്.., മരുമോള്…!!!
പ്രപഞ്ചോല്‍പ്പത്തി മുതലുള്ള ചരിത്രം പരിശോധിച്ചാല്‍പ്പോലും അമ്മായിയമ്മയുടെ പാരമ്പര്യം അവകാശപ്പെട്ടു അഭിമാനിച്ച ഒരു മരുമകളുടെ ചരിത്രം വേറെ എവിടെ നിന്നെങ്കിലും തോണ്ടിപുറത്തെടുക്കാന് സാധിക്കുമോ എന്ന് സംശയമാണ്..!! കീരി-പാമ്പ്, പൂച്ച-എലി, സിംഹം-മാന്‍ തുടങ്ങിയ പ്രകൃതി ബന്ധങ്ങള്‍ പോലെ തന്നെ ഊഷ്മളമായാണ് നമ്മള് അമ്മായിയമ്മമരുമകള് ബന്ധത്തെയും കണ്ടു പോരുന്നത്…!! വീട്ടില്‍ വന്നു കയറിയ മരുമകളെ ഒരു തരത്തിലും വിഷമിപ്പിക്കരുത് എന്ന് കരുതി കഴിയുന്നത്ര സ്നേഹം പ്രകടിപ്പിച്ച ഒരു അമ്മായിയമ്മയോട് ‘ഒന്ന് വഴക്കിടാനുള്ള അവസരം പോലും തരാത്ത നിങ്ങള്‍ ഒരു അമ്മായിയമ്മയാണോ ഹേ..?’ എന്ന് ചോദിച്ച് ഒരു മരുമകള്‍ വഴക്കിട്ടതായി കേട്ടിട്ടുണ്ട്…!! അത്തരം കഥകളെയും ആചാരരീതികളെയും പാടേ പിഴുതെറിഞ്ഞുകൊണ്ടാണ് ഇവിടെ മരുമകള്‍ അമ്മായിയമ്മയുടെ പൈതൃകം സ്വയം ഏറ്റെടുത്ത് അഭിമാനിയായത്…!!
സത്യത്തില്‍ എന്താണ് മരുമകളോട് സര്‍ക്കാരിന് ഇത്രയും പക..? എത്രയാലോചിച്ചിട്ടും ആര്‍ക്കും പിടുത്തം കിട്ടാത്ത ഒരു കാര്യമാണ്..! 2009 ല്‍ 206 സീറ്റുമായി ലോകസഭയില്‍ വന്നു മുന്നണിയുണ്ടാക്കി രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിനെ അഞ്ചു വര്‍ഷം കൊണ്ട് 44 സീറ്റിലേയ്ക്ക് ഒതുക്കി ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷത്തോടെ ഭരിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്ത ഈ മരുമകളോട് സത്യത്തില്‍ സര്‍ക്കാരിനും അതിനെ നയിക്കുന്ന മോദിയ്ക്കും ഒക്കെ തീര്‍ത്താല്‍ തീരാത്ത കടപ്പാടല്ലേ ഉണ്ടാകേണ്ടത്..?കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മരുമകളും പുത്രനും കുടുംബവും ഒക്കെ മാറിനിന്നിരുന്നേല് ഇത്രയും വലിയ വിജയം ബി.ജെ.പിയ്ക്ക് കിട്ടുമായിരുന്നോ എന്ന് ചോദിക്കുന്നവര്‍ ബി.ജെ.പിയിലും കോണ്‍ഗ്രസ്സിലും ഉണ്ട്.. ആ മരുമകളോട് പകപോക്കാന്‍ ശ്രമിക്കുന്നത് പാലൊഴിച്ചു തന്ന കയ്യില്‍ ചുറ്റിവരിഞ്ഞു കടിക്കുന്നതിനേക്കാള്‍ നന്ദികേടാണ് എന്ന് പറയാതെ വയ്യ.
ഇനിയിപ്പോള്‍ എന്താണ് സര്‍ക്കാരിന്റെ പകപോക്കല്‍ കര്‍മം എന്ന് ചിന്തിച്ചാലോ..? സംഗതി രസകരമാണ്..!! അമ്മായിയമ്മയുടെ പൈതൃകം ഏറ്റെടുത്തത് ഇപ്പോഴാണെങ്കിലും അമ്മായിയമ്മയുടെ അച്ഛന് പണ്ട് 1938 ല്‍ ആരംഭിച്ച ഒരു പത്രം ഉണ്ട്; നാഷണല്‍ ഹെറാള്ഡു്..മുത്തശ്ശന്റെയും അമ്മയുടെയും രാഷ്ട്രീയ-അധികാരപൈതൃകം ചുമക്കാന്‍ അനന്തരാവകാശികള്‍ ഒട്ടേറെ ഉണ്ടായെങ്കിലും അവര്‍ക്കുണ്ടായിരുന്ന വായനാശീലം, അറിവ് തുടങ്ങിയ സാധനങ്ങള്‍ ആര്‍ക്കും വേണ്ടാത്തവയുടെ ലിസ്റ്റില്‍പ്പെടുത്തി ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കുകയായിരുന്നു..!! അങ്ങനെ പത്രം വായന പതിവില്ലാതായതോടെ കുടുംബവക പത്രം 2008 ല്‍ മരുമകളും മകനും മകളും മരുമരുമകനും ഒക്കെ ചേര്‍ന്ന് അങ്ങ് പൂട്ടി…!! പൂട്ടുന്ന സമയത്ത് പത്രത്തിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡു് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് 91 കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നു ത്രേ..അമ്മായിയമ്മയുടെ അച്ഛന്റെ പത്രത്തിനു ഇത്രേം വല്യ കടം കിടക്കുന്നതിന്റെ ചീത്തപ്പേര് മരുമകള്‍ക്കും കുടുംബത്തിനും സഹിച്ചില്ല..!! യങ്ങ് ഇന്ത്യ എന്നൊരു സ്ഥാപനം അങ്ങോട്ട് തട്ടിക്കൂട്ടി അമ്പത് ലക്ഷം രൂപ മുടക്കി അമ്മായിയമ്മ കുടുംബത്തിന്റെ ബാധ്യത മൊത്തം ഏറ്റെടുത്തു കളഞ്ഞു.. ആരുണ്ട് ഇന്നാട്ടില് ഇത്രയും വല്യ ത്യാഗം ചെയ്യുന്നവര്‍..?! സ്വന്തം അമ്മായിയമ്മയുടെ അച്ഛന്റെ പേരിലുള്ള കടം ഏറ്റെടുക്കാന്‍ 50 ലക്ഷം രൂപയല്ലേ മുടക്കിയത്…?
പക്ഷെ എവിടെയുമുണ്ടല്ലോ ചില അന്നംമുടക്കികള്‍..! ഈ കടം ഏറ്റെടുക്കല്‍ യജ്ഞത്തില്‍ ചില്ലറ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് പറഞ്ഞ് അക്കൂട്ടത്തില്‍ ഒരെണ്ണം രംഗത്ത് വന്നു..പേര് സുബ്രഹ്മണ്യം സ്വാമി. 91 കോടി രൂപ കടമുണ്ടായിരുന്ന സ്ഥാപനത്തിന് പക്ഷെ 4000 കോടിയിലധികം ആസ്തിയുണ്ടായിരുന്നുവത്രേ.. 50 ലക്ഷം രൂപ കൊടുത്ത് കടം ഏറ്റെടുത്ത കൂട്ടത്തില്‍ ഈ ആസ്തിയും കൂടി ഏറ്റെടുത്തുകളഞ്ഞു മരുമകളും കുടുംബവും. വാഴ നനയുമ്പോ ചീരയും നനയും എന്ന് കേട്ടിട്ടുണ്ട് എങ്കിലും ചീരയുടെ ചോട്ടില് വെള്ളപ്പൊക്കവും വാഴയുടെ ചോട്ടില് മരുഭൂമിയും വരുന്ന തരത്തിലുള്ള നനയ്ക്കല്‍ ആയിപ്പോയി ഇത് എന്നാണു കേസിന് പോയ സുബ്രഹ്മണ്യം സ്വാമി എന്ന അന്നംമുടക്കിയുടെ വാദം…!! പകപോക്കല്‍ അല്ലാതെ എന്താണ് ഇത്.. സ്വാമിയുടെ പകപോക്കല്‍ പിന്നെ പോട്ടെ എന്ന് വയ്ക്കാം…!! ഡല്‍ഹി ഹൈക്കോടതി വരെ ഈ അസഹിഷ്ണുതായജ്ഞത്തില് പങ്ക് ചേര്‍ന്നുവല്ലോ എന്നോര്‍ക്കുമ്പോഴാണ് മനസ്സിന് വല്ലാത്ത വിഷമം…? മരുമകളെ ഓര്‍ക്കണ്ടാ, അമ്മായിയമ്മയെ എങ്കിലും ഓര്‍ക്കാമായിരുന്നില്ലേ നീതിപീഠത്തിന്..?
എന്തായാലും ഹൈക്കോടതിയും സര്‍ക്കാരും കൂടിച്ചേര്‍ന്ന് മരുമകളോടും കുടുംബത്തോടും അങ്ങോട്ട് പകപോക്കിക്കളയാം എന്ന് വിചാരിക്കണ്ടാ… അങ്ങാടിയില്‍ തൊട്ടാല്‍ എവിടെയാണ് അതിന്റെ പക തീര്‍ക്കേണ്ടത് എന്ന് നന്നായിട്ട് അറിയാവുന്ന കുടുംബം ആണ്.. കോടതി വിളിപ്പിച്ചാല്‍ നേരെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുക; അതുതന്നെ പറ്റിയ മരുന്ന്.. രണ്ടു സഭകളും സ്തംഭിച്ചു കിടക്കുന്ന ദയനീയ സ്ഥിതി കണ്ട് തീരുമാനം മാറ്റി അമ്മായിയമ്മയുടെ താവഴിക്കാരെ മുഴുവന്‍ കോടതി നിരുപാധികം വിട്ടയച്ചാലോ…? മുങ്ങാന്‍ തുടങ്ങുന്നവന് ഏതു കച്ചിത്തുരുമ്പിലും കയറിപ്പിടിക്കാനുള്ള അവകാശം ഉണ്ടല്ലോ..! ഈ സമ്മേളനത്തില്‍ ചരക്കുസേവന നികുതി നിയമമോ ഭൂമി ഏറ്റെടുക്കല്‍ നിയമമോ അങ്ങനെ എന്താണ്ടൊക്കെയോ കൊസ്രാക്കൊള്ളികള് ചര്‍ച്ച ചെയ്ത് പാസ്സാക്കാന്‍ ഇരുന്നിരുന്നതാണ്..അതിനു വേണ്ടി സര്‍ക്കാരും അമ്മായിയമ്മപ്രസ്ഥാനവും ഏതാണ്ടൊക്കെ ധാരണയില്‍ എത്തിയതുമാണ്..അപ്പോഴാണ് സര്‍ക്കാരിന്റെ കോടതി വഴിയുള്ള പകപോക്കല്‍..ഇനിയിപ്പോ മേല്‍പ്പറഞ്ഞ നിയമം ഒക്കെ എടുത്ത് പരണത്തു വച്ചാല്‍ മതി.. അല്ല പിന്നെ…!! ഇനിയിപ്പോള്‍ ഇതിന്റെ പേരില്‍ ഒരു അസഹിഷ്ണുതാ നിലവിളി കൂടി സംഘടിപ്പിച്ചാല്‍ സംഗതി ഓക്കേ..! ആയ കാലത്ത് വല്ല അവാര്‍ഡോ മറ്റോ മേടിച്ചിരുന്നേല് അതൊക്കെ ഇപ്പൊ തിരിച്ചുകൊടുക്കാമായിരുന്നു..!! എന്തായാലും അമ്മായിയമ്മയുടെ മേല്‍വിലാസം പറഞ്ഞുതന്നെ കുറച്ചു നാള് കൂടി പിടിച്ചു നില്ക്കുക; കോടതിയുടെ പിടുത്തം മുറുകിയാല്‍ വേണമെങ്കില്‍ അമ്മായിയമ്മയിലെ പിടി വിട്ട് അച്ഛന്റെ പൈതൃകം തേടാമോ എന്നും കൂടി നോക്കുക..!! ഇറ്റലിക്കാര്‍ക്ക് ഇവിടെ വന്നു വേണമെങ്കില്‍ ആളെ കൊല്ലാന്‍ വരെ അവകാശമുണ്ടല്ലോ..?!പിന്നെയല്ലേ ഈ 4000 കോടി..?
Discussion about this post