അത്യാധുനിക സുരക്ഷയോടും കൂടുതൽ ഫീച്ചറുകളോടുമുള്ള വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ പുറത്തിറക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിന്നാണ് നവീകരിച്ച ട്രെയിനുകൾ പുറത്തിറക്കുന്നത്. ട്രെയിനുകളുടെ പുറം ഭാഗം ഓറഞ്ചും ഗ്രേയും നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ എട്ട് കോച്ചുകളാണ് ഉണ്ടാവുക. ട്രെയിനുകളിൽ മികച്ച സീറ്റ് റീക്ലൈനിംഗും യാത്രക്കാർക്ക് മൊബൈൽ ചാർജിംഗ് പോർട്ടുകളിലേക്ക് മികച്ച ആക്സസും എക്സിക്യൂട്ടീവ് ചെയർ ക്ലാസ് കോച്ചുകൾക്ക് മികച്ച ഫുട്റെസ്റ്റും ഉണ്ടാകും. ഇതിനുപുറമെ, മികച്ച ടച്ച്-സെൻസിറ്റീവ് റീഡിംഗ് ലാമ്പുകൾ, ടോയ്ലറ്റ് ലൈറ്റിംഗ്, എന്നിവയും യാത്ര കൂടുതൽ സൗകര്യപ്രദമാക്കും.
പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ ഡ്രൈവിംഗ് ട്രെയിലർ കോച്ചുകളിൽ വീൽചെയറുകൾ ഘടിപ്പിക്കാൻ പോയിന്റുകൾ ഉണ്ടായിരിക്കും. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റി ക്ലൈംബിംഗ് ഉപകരണങ്ങളും സജ്ജീകരിക്കും.
ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ട്രെയിനുകൾക്ക് പുതിയ നിറം നൽകുന്നത് എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ 25 വന്ദേ ഭാരത് സർവീസുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 18 എണ്ണം ഈ വർഷമാണ് ആരംഭിച്ചത്.
Discussion about this post