ന്യൂഡൽഹി; റോഡിന്റെ അവസ്ഥ മനസ്സിലാക്കാനായി പാംഗോങ് തടാകം വഴി ബൈക്ക് യാത്ര നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി കിരൺ റിജിജു. പിതാവ് രാജീവ് ഗാന്ധിയുടെ ജൻമ ദിവസത്തിൻറെ തലേന്നാണ് രാഹുൽ ലേയിൽ നിന്ന് ലഡാക്കിലെ പാംഗോങ് തടാകത്തിലേക്ക് യാത്ര നടത്തിയത്. 2012ലെ യുപിഎ സർക്കാരിന്റെ കാലത്തും ഇപ്പോഴത്തെ ഭരണകാലത്തുമുള്ള ലേ പാംഗോങ് റോഡ് താരതമ്യം ചെയ്യാനായി താങ്കൾ നടത്തിയ ബൈക്ക് യാത്രയ്ക്ക് നന്ദി എന്നായിരുന്നു മന്ത്രി ട്വീറ്റ് ചെയ്തത്.
നരേന്ദ്രമോദി ഗവൺമെന്റ് നിർമ്മിച്ച ലഡാക്കിലെ മികച്ച റോഡുകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി. നേരത്തെ, കശ്മീർ താഴ്‌വരയിൽ ടൂറിസം എങ്ങനെ കുതിച്ചുയരുന്നുവെന്ന് അദ്ദേഹം രാജ്യത്തിന് കാണിച്ചുതന്നു. ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇപ്പോൾ നമ്മുടെ ദേശീയ പതാക സമാധാനപരമായി ഉയർത്താമെന്നും അദ്ദേഹം എല്ലാവരേയും ഓർമ്മിപ്പിച്ചു, കിരൺ റിജിജു പറഞ്ഞു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള രാഹുലിൻറെ ആദ്യ യാത്രയാണിത്.
ലേയിൽ നിന്ന് പാങ്കോങ്ങിലേക്കുള്ള ബൈക്ക് യാത്രയുടെ ചിത്രങ്ങളും രാഹുൽ ഗാന്ധി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ലേയിൽ നിന്ന് പാംഗോങ് തടാകത്തിലേക്കുള്ള വഴി ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണെന്ന് പിതാവ് രാജാവി ഗാന്ധി നേരത്തെ പറഞ്ഞിരുന്നുവെന്നും രാഹുൽ ഓർമ്മിച്ചു. ഭാരത് ജോഡോ യാത്രയുടെ അവസാന ദിവസം ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ത്രിവർണ പതാക ഉയർത്തിയിരുന്നു. സഹോദരി പ്രിയങ്ക ഗാന്ധി വധേരയും ജമ്മു കശ്മീരിലെ മറ്റ് കോൺഗ്രസ് നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
Discussion about this post