തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌കൂള്‍ തിരുവനന്തപുരത്ത് ശാന്തിഗിരി വിദ്യാഭവനില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും നൂതന വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൊന്നായ അമേരിക്കയിലെ ഐലേണിംഗ് എഞ്ചിന്‍സ് (ഐഎല്‍ഇ) വേദിക് ഇ സ്‌കൂളുമായി സഹകരിച്ചാണ് പുതിയ എഐ സ്‌കൂളിന്റെ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറിമാര്‍, ഡിജിപിമാര്‍, വൈസ് ചാന്‍സലര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രൊഫഷണലുകളുടെ ഒരു കമ്മിറ്റിയാണ് ഇ വേദിക് സ്‌കൂളിന്റെ മേല്‍നോട്ട ചുമതല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ഗുണനിലവാരമുള്ള പഠന അവസരങ്ങള്‍ ഉറപ്പാക്കുന്ന ഒരു നൂതന പഠന രീതിയാണ് എഐ സ്‌കൂള്‍ എന്ന് വേദിക് ഇ സ്‌കൂള്‍ അധികൃതര്‍ പറയുന്നു. “ഇതിലൂടെ സ്‌കൂള്‍ പഠനത്തിന്റെ അതേ നിലവാരത്തിലുള്ള പഠനാനുഭവം സ്‌കൂള്‍ സമയം കഴിഞ്ഞാലും സ്‌കൂള്‍ വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനും (എന്‍ഇപി 2020) ദേശീയ സ്‌കൂള്‍ അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡിനും അനുസൃതമായ സിലബസാണ് കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉയര്‍ന്ന ഗ്രേഡുകള്‍ നേടാന്‍ കുട്ടികളെ പ്രാപ്തമാക്കുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.
8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് എഐ സ്‌കൂള്‍ സൗകര്യം തുടക്കത്തില്‍ ലഭ്യമാകുക. മള്‍ട്ടി-ടീച്ചര്‍ റിവിഷന്‍ സപ്പോര്‍ട്ട്, മള്‍ട്ടിലെവല്‍ അസസ്‌മെന്റ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, സൈക്കോമെട്രിക് കൗണ്‍സലിംഗ്, കരിയര്‍ മാപ്പിംഗ്, എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്, മെമ്മറി ടെക്‌നിക്കുകള്‍, കമ്മ്യൂണിക്കേഷന്‍-എഴുത്ത് വൈദഗ്ദ്ധ്യം, ചര്‍ച്ചകള്‍, ഗണിത നൈപുണ്യങ്ങള്‍, പെരുമാറ്റ മര്യാദകള്‍, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, മാനസിക വികസനം തുടങ്ങിയവ എഐ സ്‌കൂള്‍ വഴി നല്‍കും.
പ്രോഫഷണല്‍ കോഴ്‌സിനുള്ള മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനം ഇതിലൂടെ ലഭ്യമാക്കും. മികച്ച വിദേശ സര്‍വകലാശാലകളിലെ ഉന്നത പഠനത്തിനും സ്‌കോളര്‍ഷിപ്പുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നത് കുട്ടികള്‍ക്ക് ഒരു അധിക നേട്ടമായിരിക്കും. എഐ സ്‌കൂള്‍ വഴി വളരെ കുറഞ്ഞ ഫീസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു
സ്‌കൂളുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഉള്ളടക്കം സ്‌കൂള്‍ വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും. സ്‌കൂളുകളിലെ അധ്യാപകരുടെ ശ്രമങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന രീതിയില്‍, പഠനം സമഗ്രവും എന്നാല്‍ ആസ്വാദ്യകരവും ആയാസരഹിതവുമാക്കാന്‍ എഐ വിദ്യാഭ്യാസ രീതിയിലൂടെ കഴിയും. പഠനം, മത്സര പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കുള്ള സമ്പൂര്‍ണ്ണ പരിഹാരമായിരിക്കും ഈ പാഠ്യപദ്ധതി. രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ അക്കാദമിക് പ്രകടനം ഫലപ്രദമായി വിലയിരുത്താന്‍ കഴിയും. ഇത് ശരാശരി വിദ്യാര്‍ത്ഥികളെപ്പോലും ഉയര്‍ന്ന വിജയത്തിന് സജ്ജമാക്കാന്‍ സാധിക്കുമെന്ന് വേദിക് ഇ സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെട്ടു.
Discussion about this post