കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയോടെയാണ് കേരളത്തിൽ ഓൺലൈൻ വായ്പകളെ സാധാരണക്കാരായ ജനങ്ങൾ വലിയ രീതിയിൽ ആശ്രയിക്കാൻ ആരംഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയോ ഫോണിൽ വിളിച്ചോ വായ്പ വാഗ്ദാനം ചെയ്യുന്ന എസ്എംഎസ്, ഇ-മെയിൽ സന്ദേശങ്ങൾ അയച്ചോ ആണ് സാധാരണഗതിയിൽ ഓൺലൈൻ കുറ്റവാളികൾ ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്. പ്രശസ്ത ബാങ്കുകളുടെയോ ധനകാര്യ സ്ഥാപനങ്ങളുടെയോ ഏജന്റുമാരുടെ വേഷത്തിൽ സ്വയം പരിചയപ്പെടുത്തി തട്ടിപ്പ് നടത്തുന്നവരും വ്യാപകമാണ്. വിവിധ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ലോഗോ നിർമ്മിച്ചു കൊണ്ടുള്ള മൊബൈൽ ആപ്പുകൾ വഴിയും ഓൺലൈൻ ലോൺ തട്ടിപ്പുകൾ നടക്കുന്നുണ്ട്. റിസർബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി ലൈസൻസ് ഇല്ലാതെ നിയമവിരുദ്ധമായി ആണ് പല വ്യക്തിഗത വായ്പ തട്ടിപ്പുകാരും പ്രവർത്തിക്കുന്നത്. അമിതമായ പലിശയും പ്രോസസിംഗ് ഫീസ് എന്ന പേരിൽ വലിയൊരു തുകയും നിയമവിരുദ്ധമായി ഇവർ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നുണ്ട്.
സാധാരണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന്റെ നൂലാമാലകളില്ലാതെ അനായാസമായി പണം ലഭിക്കുമെന്നതാണ് ഇത്തരത്തിലുള്ള വായ്പകളിലേക്ക് ആളുകൾ പെട്ടെന്ന് ആകൃഷ്ടരാകാൻ കാരണം. പ്രത്യേക ലോൺ ഓഫറിന് നിങ്ങൾ യോഗ്യനാണെന്ന് തട്ടിപ്പുകാർ നിങ്ങളെ അറിയിക്കും. കൂടാതെ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഉയർന്ന തുകയുള്ള ലോൺ സൗജന്യമായി നൽകാമെന്ന് അവർ വാഗ്ദാനം ചെയ്യും. ഓൺലൈൻ ലോൺ ആപ്പുകൾ ആണെങ്കിൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്റ്റുകളും തൊട്ട് ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകൾ വരെ ചോർത്തി എടുക്കും.
വായ്പ ശരിയായി തിരിച്ചടയ്ക്കാത്തവരെ സൈബർ അറ്റാക്ക് നടത്തി ഏതുവിധത്തിലും പണം തിരിച്ചു പിടിക്കുക എന്നതാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ ലക്ഷ്യം. തുടർന്ന് നിങ്ങളുടെ കോൺടാക്ടിൽ ഉള്ളവരെ എല്ലാം വിളിച്ച് ശല്യപ്പെടുത്തുകയും അവരിൽ നിന്നും നിങ്ങൾക്ക് നിരന്തരം പരാതികൾ നേരിടേണ്ടി വരികയും ചെയ്യും.
വാട്സാപ്പിലും മറ്റും നിങ്ങൾ ഫ്രോഡ് ആണെന്നും സാമ്പത്തിക കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്നുമുള്ള രീതിയിൽ നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നും ചോർത്തിയെടുത്ത ഫോട്ടോ വെച്ച് പ്രചരിപ്പിക്കും. നാണക്കേട് ഭയന്ന് പലരും കടംവാങ്ങിയെങ്കിലും വായ്പ തിരിച്ചടയ്ക്കും. ഇതിനൊന്നും കഴിയാത്തവർ ആത്മഹത്യയിൽ അഭയം പ്രാപിക്കും. ഇന്ത്യയിലാകെയായി ഇത്തരത്തിലുള്ള നിരവധി ആത്മഹത്യകളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടന്നിരിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ പോലീസിനും നിയമവ്യവസ്ഥയ്ക്കും മാത്രമാണ് ഒരു വ്യക്തിയെ സഹായിക്കാൻ കഴിയുക. ഓൺലൈൻ വ്യക്തിഗത വായ്പാ ചതിയിൽ പെട്ടവർക്ക് തീർച്ചയായും പോലീസിനെ സഹായത്തിന് സമീപിക്കുവാൻ കഴിയും. എന്നാൽ നിയമപരമല്ലാത്ത വായ്പ ആണെന്ന് കരുതി പോലീസിൽ പരാതിപ്പെടാതെ ഇരിക്കുന്നവരാണ് ഭൂരിഭാഗം പേരും എന്നുള്ളത് തട്ടിപ്പുകാർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുന്നു. സുരക്ഷിതമല്ലാത്ത മൊബൈൽ ആപ്പുകളും മറ്റും ഇൻസ്റ്റാൾ ചെയ്യാതിരിക്കുകയും നിയമാനുസൃതമല്ലാത്ത യാതൊരുവിധ പണമിടപാടുകളും ആരുമായും നടത്താതെയുമിരിക്കുക എന്നതുമാണ് ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള മാർഗ്ഗം.
Discussion about this post