ലക്‌നൗ: സനാതന ധർമ്മത്തിനെതിരായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പരമാർശത്തിൽ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം മുഴുവൻ ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോൾ, പൈതൃകത്തെ മാനിച്ച് പുത്തൻ ഊർജത്തോടെ മുന്നേറുമ്പോൾ ചിലർക്ക് അത് ഇഷ്ടമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇപ്പോൾ രാജ്യത്തിന് രാജ്യാന്തര തലത്തിൽ അംഗീകാരം ലഭിക്കുന്നത് ചിലർക്ക് ഇഷ്ടമല്ല. ലോകത്തെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ മാറുന്നത് ആർക്കും തടയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
രാവണന്റെ അഹങ്കാരത്താൽ നശിപ്പിക്കപ്പെടാത്ത, കംസന്റെ ഗർജ്ജനത്തിൽ കുലുങ്ങാത്ത, ബാബറിന്റെയും ഔറംഗസീബിന്റെയും സ്വേച്ഛാധിപത്യത്താൽ നശിപ്പിക്കപ്പെടാത്ത സനാതൻ ധർമ്മത്തെ ഈ നിസാര രാഷ്ട്രീയ ഇത്തിൾക്കണ്ണികൾ എങ്ങനെ ഇല്ലാതാക്കുമെന്ന് അദ്ദേഹം ചോദിച്ചു. സമൂഹം പ്രതിസന്ധിയിലാവുകയും ദുഷ്പ്രവണതയുള്ളവർ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ദൈവിക അവതാരങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് അനീതിയും അതിക്രമങ്ങളും നടന്നപ്പോഴെല്ലാം നമ്മുടെ മഹാൻമാർ ഒരു പ്രത്യേക പ്രകാശകിരണമായി സമൂഹത്തെ നയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കാലഘട്ടത്തിൽ മാത്രമല്ല ഇത് സംഭവിച്ചതെന്നും എല്ലാ കാലഘട്ടത്തിലും സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദൈവം സത്യവും ശാശ്വതനുമായിരിക്കുന്നതുപോലെ സനാതന ധർമ്മവും സത്യവും ശാശ്വതവുമാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post