കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മണ്ഡലത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന സ്വപ്ന ചാണ്ടി ഉമ്മന് അഭിനന്ദവും അറിയിച്ചു.
എൽഡിഎഫിനെയും അവർ പരസ്യമായി വിമർശിച്ചു.എൽഡിഎഫ് എന്നതിന് പുതിയ ചുരുക്കെഴുത്ത് കണ്ടുപിടിക്കണമെന്നും എന്തായാലും പെട്ടി കെട്ടിക്കോളൂ ജാക്ക് ആൻഡ് ജിൽ എന്നും സ്വപ്ന സുരേഷ് പറയുന്നു. ഇംഗ്ലീഷ് റൈം ആയ ജാക്ക് ആൻഡ് ജില്ലിന്റെ ഭാഗങ്ങളും അവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി സാർ ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്ന് പുതുപ്പള്ളിയുടെ വിജയം ആസ്വദിക്കുന്നുണ്ടാകുമെന്നും അവർ കുറിച്ചു.
അതേസമയം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര വിജയം. ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ആകെ 42,425 വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് 6558 വോട്ടുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോൽവിയായി. പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു
Discussion about this post