ജയ്പൂർ: കുറച്ചുനാൾ കൂടി കാത്തിരുന്നാൽ പാക് അധീന കശ്മീർ സ്വാഭാവികമായി ഇന്ത്യയിൽ ലയിക്കുന്നത് കാണാമെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. ഇന്ത്യയിലേക്കുളള റോഡുകൾ തുറന്നു നൽകണമെന്ന പാക് അധീന കശ്മീരിലെ ഷിയ മുസ്ലീം വിഭാഗത്തിന്റെ ആവശ്യത്തെക്കുറിച്ച് രാജസ്ഥാനിലെ ദൗസയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.കെ സിംഗ്.
ഗിൽജിത് ബാൾട്ടിസ്ഥാനിലെ ഷിയ വിഭാഗക്കാരാണ് ഇന്ത്യയിലേക്കുളള അതിർത്തികൾ തുറന്നു നൽകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. പാകിസ്താൻ സൈന്യവും ഭരണകൂടവും തടവിലാക്കിയിട്ടുളള തങ്ങളുടെ നേതാക്കൻമാരെ വിട്ടയയ്ക്കണമെന്നും അല്ലെങ്കിൽ ആഭ്യന്തര കലാപത്തിലൂടെ ഇന്ത്യയിലേക്ക് ലയിക്കേണ്ടി വരുമെന്നുമായിരുന്നു ഇവരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലായിരുന്നു മുൻ സൈനിക മേധാവി കൂടിയായ ജനറൽ സിംഗിനോട് മാദ്ധ്യമപ്രവർത്തകർ ഇക്കാര്യം ആരാഞ്ഞത്.
ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ച് വലിയ വിജയമായിരുന്നുവെന്ന് ജനറൽ വി.കെ സിംഗ് പറഞ്ഞു. ഇത്തരമൊരു പരിപാടി ഇതിന് മുൻപ് രാജ്യം സംഘടിപ്പിച്ചിട്ടില്ല. ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യത്തെ അറുപത് നഗരങ്ങളിലായി ഇരുന്നൂളോളം മീറ്റിങ്ങുകളാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനവും ഇന്ത്യയ്ക്ക് വലിയ വിജയമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ ഉൾപ്പെടെ ലോകം രണ്ട് തട്ടിലായിരുന്നു. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമർത്ഥ്യത്തിൽ ഒരു രാജ്യം പോലും എതിർപ്പ് ഉന്നയിക്കാത്ത തരത്തിൽ ഇക്കാര്യത്തിൽ പരിഹാരം കാണാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ദൗസയിൽ ബിജെപിയുടെ പരിവർത്തൻ സങ്കൽപ യാത്രയ്ക്ക് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. ജൈവ ഇന്ധന സഖ്യവും ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴിയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുന്നതാണെന്നും വി.കെ സിംഗ് പറഞ്ഞു.
Discussion about this post