ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി മോടിപിടിപ്പിച്ച ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ മാറ്റമൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡൽഹി മുനിസിപ്പാലിറ്റി അധികൃതർ. വെളളച്ചാട്ടം ഉൾപ്പെടെയുളള ഈ നിർമിതികളുടെ പരിപാലനം തൽക്കാലം മുനിസിപ്പാലിറ്റിയുടെ കീഴിൽ തന്നെ തുടരും. പിന്നീട് എതെങ്കിലും വിദഗ്ധ ഏജൻസിക്ക് പരിപാലന ചുമതല പുറംകരാർ നൽകുന്നതിനെപ്പറ്റിയും ആലോചിച്ചു വരുന്നു എന്ന് അധികൃതർ അറിയിച്ചു
ഉദ്യാനത്തിൽ നിലവിലുള്ള ചെടികളും ചെടിച്ചട്ടികളും മരങ്ങളും ഒന്നും തന്നെ നശിപ്പിക്കപ്പെടാതെ നിലനിർത്താൻ ആണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഇരുപത്തിയൊന്നു ജലധാരകളും ഇരുപത്തിരണ്ടു ശിൽപ്പങ്ങളും ഫലകങ്ങളും വൈദ്യുതാലങ്കാരങ്ങളും എല്ലാം തുടർന്നും നിലനിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യും. ജലധാരകൾ രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിപ്പിക്കും. ആദ്യത്തേത് രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയും രണ്ടാമത്തേത് വൈകിട്ട് നാലു മുതൽ അർദ്ധരാത്രി വരെയും ആയിരിക്കും. കൊണാട്ട് പ്ലേസ്, ഇന്ത്യാ ഗേറ്റ്, അശോക റോഡ് എന്നിവിടങ്ങളിലാണ് ജലധാരകൾ സ്ഥാപിച്ചിരിക്കുന്നത്. വെള്ളം കുറയുന്നതിനനുസരിച്ച് നിറയ്ക്കാൻ ഒരു ഏജൻസിയെ ഏല്പിച്ചിരിക്കുന്നു.
ഉച്ചകോടിക്ക് ശേഷം പൊതുസ്ഥലങ്ങൾ തുറന്നു കൊടുത്തതിനാൽ തന്നെ ഇവയുടെ പരിപാലനം അതീവദുഷ്കരമായിരിക്കും എന്നാണ് വിലയിരുത്തൽ. മോഷണശ്രമങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷണം നടത്തുന്നുണ്ട്. വസ്തുക്കളുടെ സംരക്ഷണത്തിന് റെസിഡൻസ് വെൽഫെയർ അസോസിയേഷനുകളുടെയും മാർക്കറ്റ് ട്രേഡേഴ്സ് അസോസിയേഷനുകളുടെയും സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിന്യങ്ങളെ തരം തിരിച്ചു നിർമ്മാർജജനം ചെയ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിരിക്കുന്നു. മൂന്നു ഷിഫ്റ്റുകളിലായിട്ടാണ് ഈ ജോലി നടന്നു വരുന്നത്. കൂടാതെ കൊതുകുനിവാരണത്തിനുള്ള മുൻ കരുതലുകളും കൊതുകിലൂടെ പകരുന്ന അസുഖങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പരിശീലനവും ജീവനക്കാർക്ക് നൽകിയിരിക്കുന്നു.
Discussion about this post