കൊൽക്കത്ത: ഫ്‌ലാറ്റ് വിൽപനയിലെ അഴിമതി ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ്സ് എംപിയും നടിയുമായ നുസ്രത്ത് ജഹാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ ഹാജരായി. കൊൽക്കത്തയിലെ ഇഡിയുടെ ഓഫീസിലാണ് അവരെ ചോദ്യം ചെയ്തത്.
കൊൽക്കത്തയിലെ ന്യൂ ടൗണിൽ കുറഞ്ഞ നിരക്കിൽ ഫ്‌ലാറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നുസ്രത് ഡയറക്ടറായ കമ്പനി മുതിർന്ന പൗരന്മാരിൽ നിന്നും കോടികണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഇഡി സമൻസ് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് നുസ്രത് ഹാജരായത്.
‘വിരമിച്ച പൗരന്മാർ അവരുടെ സമ്പാദ്യം മുഴുവൻ നുസ്രത്ത് ജഹാന് നൽകി. അവരുടെ സ്ഥാപനം ഫ്‌ലാറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റിയത്. പക്ഷെ അവർക്ക് പറഞ്ഞ ഫ്‌ലാറ്റും കൊടുത്ത പണവും ലഭിച്ചില്ല. അതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ നടക്കുകയാണ്. ഇന്ത്യയിപ്പോൾ ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ്. നിങ്ങൾ മുഖ്യമന്ത്രിയോ രാഷ്ട്രീയക്കാരനോ സിനിമാതാരമോ ആകാം, പക്ഷേ ആളുകളെ വഞ്ചിച്ചാൽ നിങ്ങളെ വെറുതെവിടില്ല. നുസ്രത്തിനെതിരെ എന്തെങ്കിലും തെളിവ് ലഭിച്ചാൽ അവർ ശിക്ഷിക്കപ്പെടും’, ബിജെപി സംസ്ഥാന സെക്രട്ടറി അഗ്‌നിമിത്ര പോൾ പറഞ്ഞു.
വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങളുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.











