കൊച്ചി: അഭിമുഖത്തിന് വിളിച്ചു വരുത്തിയതിന് ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ കേസ്. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സൗദി അറേബ്യൻ സ്വദേശിനിയാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. ഇന്നലെയാണ് യുവതി പോലീസിന് പരാതി നൽകുന്നത്.
അഭിമുഖത്തിനെന്ന പേരിൽ എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ യുവതിയെ ക്ഷണിച്ചത്. ഹോട്ടലിൽ എത്തിയപ്പോൾ അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതിയിൽ പറയുന്നത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷക്കീർ സുബാനെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ വിദേശത്ത് പോയ ഇയാൾ തിരികെ എത്തിയ ശേഷമാകും പോലീസ് തുടർനടപടികൾ സ്വീകരിക്കുക.
അതേസമയം യുവതി നൽകിയ പരാതി വ്യാജമാണെന്നാണ് ഷക്കീർ സുബാന്റെ വാദം. ” എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100 ശതമാനം ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവർക്ക് ആഘോഷമാക്കാനുള്ള അവസരം ആണ് ഇതെന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണമെന്ന് അപേക്ഷിക്കുന്നു” എന്നാണ് ഷക്കീർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.












