ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യം ഉറ്റ് നോക്കുന്ന ചരിത്ര പ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്രസ്വമെങ്കിലും ചരിത്രപരമായ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിര്‍ണായക തീരുമാനങ്ങള്‍ പുതിയ മന്ദിരത്തില്‍ വച്ചുണ്ടാകുമെന്നും മോദി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്നു തുടക്കമാകുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നാളെ ഗണേഷചതുര്‍ഥിയാണ്. പഴയ തിന്മകളെ ഉപേക്ഷിച്ചു പുതിയ വിശ്വാസത്തോടെയും ഊര്‍ജത്തോടെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കും. ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്‌നങ്ങളുണ്ടാകില്ല. ഹ്രസ്വമെങ്കിലും ചരിത്രപരമായ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്”, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടി വലിയ വിജയമായിരുന്നു. ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി മാറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാന്‍ 3 പദ്ധതിയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ പതാക ചന്ദ്രനില്‍ എത്തിയിരിക്കുന്നതായും ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുര്‍ഥി ദിനമായ നാളെ മുതല്‍ പുതിയ മന്ദിരത്തിലുമാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടക്കുക. പഴയ മന്ദിരത്തില്‍ പാര്‍ലമെന്റിന്റെ 75 വര്‍ഷം സംബന്ധിച്ച് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ചരിത്രവും ഇന്ന് ചര്‍ച്ചയാവും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ സംസാരിക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിടും. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ആദ്യ ദിവസമായ ഇന്ന് ബിജെപിയുടെ ലോക്സഭാ എംപിമാരായ സുനില്‍ കുമാര്‍ സിംഗും ഗണേഷ് സിംഗും ചേര്‍ന്ന് അവതരിപ്പിക്കും. നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനമുണ്ടാകും. തുടര്‍ന്നു പഴയ മന്ദിരത്തിന്റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ്‌ഫോട്ടോയെടുപ്പ് നടക്കും.
സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ പുതിയ മന്ദിരത്തില്‍ വച്ചാണ് സമ്മേളനം. അവിടെയും സഭാംഗങ്ങളുടെ ഫോട്ടോയെടുപ്പുണ്ടാകും. പ്രത്യേക സമ്മേളനത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണു കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ്. വനിതാസംവരണ ബില്‍ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കം വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപിയോടൊപ്പം നില്‍ക്കുന്ന ശിവസേന ഷിന്‍ഡെ വിഭാഗവും എന്‍സിപി അജിത് പവാര്‍ വിഭാഗവും ഇതിനെ പിന്തുണച്ചിരുന്നു.








