ആഗ്ര : അയോധ്യയിലെ ദീപാവലി ആഘോഷങ്ങൾക്കായി നിർമ്മിക്കുന്ന തിരക്കിലാണ് ആഗ്ര ജില്ലാ ജയിലിലെ തടവുകാർ. 50,000 പരിസ്ഥിതി സൗഹൃദ ചിരാതുകളാണ് ഇവർ നിർമ്മിക്കുന്നത്. ചാണകം ഉപയോഗിച്ചാണ് ഈ ചിരാതുകൾ നിർമ്മിക്കുന്നത്.
ജില്ലാ ജയിലിലെ അമ്പതോളം ജയിൽപുള്ളികൾ ചേർന്നാണ് ഈ പരിസ്ഥിതി സൗഹൃദ ചിരാതുകൾ നിർമ്മിക്കുന്നത്. ചാണകവും മണ്ണും ചേർത്താണ് ചിരാതുകളുടെ നിർമ്മാണം. ചെളിയിലും കളിമണ്ണിലും ശില്പങ്ങളും മറ്റും നിർമ്മിക്കാൻ പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരാണ് ഇവിടുത്തെ ജയിൽപുള്ളികൾ. അയോധ്യയിൽ ഭഗവാൻ ശ്രീരാമന്റെ ജന്മഭൂമിയിൽ ദീപാവലിക്ക് തെളിയിക്കുന്നതിനുള്ള ചിരാതുകൾ തയ്യാറാക്കുന്നതിൽ ഈ തടവുകാർ ഏറെ സന്തോഷത്തിലാണെന്ന് ജില്ലാ ജയിൽ അധികൃതർ അറിയിച്ചു.
ആഗ്ര ജില്ലാ ജയിലിലെ തടവുകാർ കളിമണ്ണ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇവർ നിർമ്മിക്കുന്ന മൺപാത്രങ്ങളും മറ്റും വിൽപ്പന നടത്താനായി ജയിലിനു മുമ്പിൽ ഒരു പ്രത്യേക സ്റ്റാൾ തന്നെ ജയിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ആഗ്രയിലെ ഗായത്രി ശക്തിപീഠത്തിൽ നിന്നും ചാണകത്തിൽ നിർമ്മിച്ച 51,000 ചിരാതുകൾക്കുള്ള ഓർഡർ ഇവർക്ക് ലഭിച്ചിരുന്നു. ജില്ലാ ജയിലിനു മുൻപിലും ഇവർ നിർമ്മിക്കുന്ന ചിരാതുകൾ വില്പന നടത്തുന്നുണ്ട്.








