ന്യൂഡൽഹി: ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തിവച്ച് പ്രകോപനത്തിന് ശ്രമിച്ച കാനഡയ്ക്ക് അതേ നാണയത്തിൽ കനത്ത തിരിച്ചടി നൽകി കേന്ദ്രസർക്കാർ. കാനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിസ നടപടികൾ നിർത്തിവയ്ക്കുന്നുവെന്നാണ് അറിയിപ്പ്.
ബിഎൽഎസിന്റെ വെബ്‌സൈറ്റിലാണ് ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പുള്ളത്. കാനഡയ്ക്ക് സമാനമായ രീതിയിൽ സാങ്കേതിക പ്രശ്‌നമാണ് ഇന്ത്യയും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്ന് മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിസയുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കുകയാണെന്നാണ് അറിയിപ്പ്.
രാവിലെയോടെയായിരുന്നു ഇന്ത്യക്കാർക്ക് വിസ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ കാനഡ നിർത്തിവച്ചത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവന്നതിന് തൊട്ട് പിന്നാലെ തന്നെ ഇന്ത്യയും സമാനമായ നടപടികളിലേക്ക് കടക്കുകയായിരുന്നു.









