കായംകുളം : കുട്ടനാട്ടിലെ സി പി എമ്മിലുണ്ടായ തമ്മിലടി ആലപ്പുഴ ജില്ലയിലെ മറ്റുപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണിപ്പോൾ. ഹരിപ്പാട്, കഞ്ഞിക്കുഴി, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ പാർട്ടിവിടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പാർട്ടി നേതൃത്വത്തിന്റെ തെറ്റുകൾ ചൂണ്ടികാട്ടുന്നവരെയെല്ലാം കമ്മീഷനെ വെച്ച് നടപടി എടുക്കുന്നു. ഒത്താശ ചെയ്യുന്നവരെ സംരക്ഷിക്കുന്നു.ഇതൊക്കെയാണ് സി പി എമ്മിനെതിരെ വിമതർ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ.

പാർട്ടിയുടെ സംസ്ഥാന, ജില്ലാ നേതാക്കന്മാരുടെ ധിക്കാരപരമായ പെരുമാറ്റത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ പ്രവർത്തകർ പിന്നീട് സി പി ഐയിലേക്ക് ചേക്കേറി . ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ഇപ്പൊ സമാനമായ രീതിയിൽ കൊഴിഞ്ഞുപോക്കു തുടരുകയാണ് . ഹരിപ്പാട്, കായംകുളം, കഞ്ഞിക്കുഴി ഭാഗങ്ങളിലെ സി പി എം വിട്ട പ്രവർത്തകർ കുട്ടനാട്ടിലെ സിപിഐ നേതാക്കളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കായംകുളത്ത് 12 ഏരിയ കമ്മിറ്റി അംഗങ്ങൾ താമസിയാതെ തന്നെ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തുമെന്നാണ് വിമതരുടെ അവകാശവാദം.
എല്ലാ പഞ്ചായത്തുകളിലും പ്രവർത്തകർക്കിടയിൽ അസംതൃപ്തി ഉണ്ട്. അതിന്റെ പ്രധാനകാരണം നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾ, സ്വജനപക്ഷവാദം, തുടങ്ങിയവ കൊണ്ടാണെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്.








