ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ചുട്ട മറുപടി നൽകി ഇന്ത്യ. സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തറിയാതിരിക്കാനായാണ് അടിക്കടി പാകിസ്താൻ കശ്മീർ വിഷയം ഉന്നയിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. യുഎന്നിലെ ഇന്ത്യയുടെ പ്രഥമ സെക്രട്ടറി പട്ടേൽ ഗെഹ്‌ലോട്ട് ആണ് പാകിസ്താന് മറുപടി നൽകിയത്.
ഇന്ത്യയ്‌ക്കെതിരായ കുപ്രചാരണങ്ങൾക്കായി അന്താരാഷ്ട്ര വേദികളെ പാകിസ്താൻ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റിലെ വേദിയിലും ഇത് നാം കണ്ടു. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് പാകിസ്താൻ തുടർച്ചയായി കശ്മീർ വിഷയം ഉന്നയിക്കുന്നത് എന്ന് വ്യക്തമാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് പാകിസ്താനിൽ നടക്കുന്നത്. ഇത് പുറത്തറിയാതെ ഇരിക്കാനാണ് പാകിസ്താന്റെ ശ്രമം.
ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇത് എല്ലാവർക്കും അറിയാം. അതിനാൽ കശ്മീർ വിഷയത്തിൽ ഇടപെടാൻ പാകിസ്താന് അവകാശമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാകിസ്താൻ യുഎൻ ഉൾപ്പെടെയുള്ള ആഗോള വേദികളിൽ കശ്മീർ വിഷയം ഉന്നയിക്കുന്നു. ഭീകരരുടെ കേന്ദ്രമാണ് പാകിസ്താൻ എന്നും പട്ടേൽ ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.
കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറാണ് അഭിസംബോധനയ്ക്കിടെ യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ വിഷയം ഉന്നയിച്ചത്. കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും, ഇതിനായി പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണം എന്നുമായിരുന്നു പരാമർശം. ഇതിനായിരുന്നു ഇന്ത്യ ചുട്ടമറുപടി നൽകിയത്.











