പനാജി: തന്റെ സർവ്വ നേട്ടങ്ങൾക്കും പിന്നിൽ ഭഗവാൻ ശ്രീകൃഷ്ണനാണെന്ന് വെളിപ്പെടുത്തി അസ്ലം ഖാൻ ഐപിഎസ്. ഗോവൻ പോലീസിൽ ഡിഐജിയായി ചുമതലയേറ്റതിന് പിന്നാലെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അസ്ലം ഖാന്റെ തുറന്നു പറച്ചിൽ. സനാതനധർമ്മത്തിൽ വിശ്വസിച്ചാണ് ജീവിതം നയിക്കുന്നത് എന്നും അസ്ലം ഖാൻ പ്രതികരിച്ചു.
ജയ്പൂരിൽ സേവനം അനുഷ്ടിക്കേ സഹപ്രവർത്തകയ്‌ക്കൊപ്പം ഗോവിന്ദ ദേവ് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. അന്നാണ് താനൊരു കൃഷ്ണ ഭക്തയാണെന്ന തിരിച്ചറിവ് ഉണ്ടായത്. അന്നു മുതൽ ജീവിതം മാറി തുടങ്ങി. പ്രാർത്ഥനയിലും ധ്യാനത്തിലുമായി പിന്നീട് ജീവിതം. നിത്യേന ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിക്കാൻ ആരംഭിച്ചു. ഇസ്ലാമിക പ്രാർത്ഥനയും മുടക്കാറില്ല. തന്റെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ ശ്രീകൃഷ്ണ ഭഗവനാണ്. ഹിന്ദു ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാറുണ്ട്. വഴിപാടുകൾ നടത്താറുണ്ട്. ഹിന്ദു എന്നത് മതത്തെക്കാൾ വലുതാണ്. അതൊരു ജീവിത ചര്യയാണെന്നും അസ്ലം ഖാൻ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം ആയിരുന്നു. ആൺകുട്ടി വേണമെന്നായിരുന്നു മാതാപിതാക്കൾക്ക്. എന്നാൽ അവരുടെ പ്രതീക്ഷകൾ തെറ്റിച്ചായിരുന്നു തന്റെ ജനനം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നന്നായി പഠിച്ചു. നിശ്ചദാർഢ്യമാണ് തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചത്. 2007 ൽ ജോലിയിൽ പ്രവേശിച്ചുവെന്നും അസ്ലം ഖാൻ കൂട്ടിച്ചേർത്തു.
ഭർത്താവ് ഹിന്ദുവാണ്. മാട്രിമോണി വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഐപിഎസ് ഓഫീസറായ പങ്കജ് കുമാറാണ് ഭർത്താവ്. രണ്ട് കുട്ടികൾ ഉണ്ട്. ഗോവയിൽ തന്നെയാണ് കുടുംബ സമേതം താമസിക്കുന്നത്. അദ്ദേഹത്തിനൊപ്പം സന്തോഷകരമായ ദാമ്പത്യമാണ് തുടരുന്നതെന്നും അസ്ലം ഖാൻ പറഞ്ഞു.








