ലക്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന് നടക്കുമെന്ന് ക്ഷേത്രം നിര്‍മാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര. ഡിസംബര്‍ 31ന് അടിസ്ഥാന ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കും. ജനുവരി 20 ന് അദ്ദേഹം അയോധ്യയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീയതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കേണ്ടതുണ്ടെന്നും നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. ചടങ്ങില്‍ 25,000 ഹിന്ദു മതനേതാക്കള്‍ പങ്കെടുക്കും. പതിനായിരത്തോളം പ്രത്യേക അതിഥികളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 14 മുതലാണ് രാമക്ഷേത്രത്തില്‍ പൂജകള്‍ തുടങ്ങുക. വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ജനുവരി 20 ന് അയോധ്യയില്‍ എത്തുന്ന പ്രധാനമന്ത്രി 24ാം തീയതി വരെ അവിടെ തങ്ങുമെന്നാണ് സൂചന. 24 ാം തീയതി മുതല്‍ ക്ഷേത്രം ഭക്ത ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.
മേല്‍ക്കൂരയുടെ നിര്‍മ്മാണത്തോടൊപ്പം, ശ്രീകോവിലിലെ രാംലല്ലയുടെ പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികള്‍ എത്തുന്നതിനായി ‘ശിഖര്‍’ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിലൂടെ സൂര്യന്റെ കിരണങ്ങള്‍ ശ്രീകോവിലിലെ രാംലല്ലയുടെ നെറ്റിയില്‍ പതിക്കും. എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് രാംലല്ലയുടെ നെറ്റിയില്‍ സൂര്യകിരണങ്ങള്‍ പതിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. 2019ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം നിര്‍മാണം ആരംഭിച്ചത്. നിര്‍മാണത്തിനായി പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
Discussion about this post