അബദ്ധത്തിൽ 100 കിലോ കഞ്ചാവ് കഴിച്ച് ആട്ടിൻകൂട്ടം. ഗ്രീസിൽ തെസ്സാലിയിലെ അൽമിറോസ് നഗരത്തിന് സമീപത്തായാണ് സംഭവം. മരുന്നുകൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നട്ടുവളർത്തിയിരുന്ന കഞ്ചാവാണ് ആടുകൾ തിന്നത്.
ആടുകൾ വിചിത്രമായി പെരുമാറുന്നത് ശ്രദ്ധയിൽ പെട്ട ഇടയനാണ് ഇവ കഞ്ചാവ് കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. രക്ഷപെടുത്തി നിർത്തിയ ആടുകളായിരുന്നു ഇവ. വെള്ളപ്പൊക്കത്തിൽ വലിയ തോതിൽ കഞ്ചാവ് ചെടികൾ നശിച്ചിരുന്നുവെന്നും, ബാക്കി ഉണ്ടായിരുന്നതാണ് ആടുകൾ തിന്നതെന്നും ഫാം ഉടമ പറഞ്ഞു.
മരുന്ന് നിർമ്മിക്കുന്നതിന് വേണ്ടി കഞ്ചാവ് ഉത്പാദിപ്പിക്കുന്നത് 2017 മുതൽ ഗ്രീസിൽ നിയമവിധേയമാണ്. ഈ വർഷം ഗ്രീസിൽ ആദ്യമായി കഞ്ചാവ് ഉത്പാദന പ്ലാന്റും ഉദ്ഘാടനം ചെയ്തിരുന്നു. കഞ്ചാവ് കൃഷിയിലൂടെ രാജ്യത്തിന് സാമ്പത്തികമെച്ചം ഉണ്ടായതിന് പിന്നാലെയാണ് കൃഷി നിയമവിധേയമാക്കുന്നത്.
Discussion about this post