ന്യൂഡൽഹി: വെറും 1,400 രൂപ ചെലവാക്കി മോഷ്ടാവ് കവർച്ച നടത്തിയത് 25 കോടി വിലമതിക്കുന്ന ആഭരണങ്ങൾ. ദക്ഷിണ ഡൽഹിയിലെ ജംഗ്പുരയിലെ ഒരു ജ്വല്ലറിയിൽ നിന്നാണ് 25 കോടി വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്. ഛത്തീസ്ഗഢിൽ നിന്നുള്ള ലോകേഷ് ശ്രീവാസ് എന്ന ആളാണ് കവർച്ച നടത്തിയത്.
ചാന്ദ്നി ചൗക്കിൽ നിന്ന് 100 രൂപയ്ക്ക് ഒരു ചുറ്റിക, 1,300 വിലയുള്ള ഡിസ്‌ക് കട്ടറും സ്‌ക്രൂഡ്രൈവറുകൾക്കും പ്ലിയറുകൾക്കുമുള്ള ടൂൾബോക്സ് എന്നിവയായിരുന്നു മോഷ്ടാവിന്റെ കയ്യിൽ ഉണ്ടായിരുന്നത്. മോഷണം നടത്തിയ രാത്രി 11 മണിയോടെ നാലുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് അകത്ത് കടന്ന മോഷ്ടാവ് സ്ട്രോങ്റൂം സ്ഥിതി ചെയ്യുന്ന താഴത്തെ നിലയിലേക്ക് എത്തുകയായിരുന്നു. ഇയാൾ ഒരു ഡ്രിൽ ഉപയോഗിച്ച് സ്‌ട്രോങ്‌റൂം ഭിത്തിയിൽ ഒരു ദ്വാരം ഉണ്ടാക്കി, ഉള്ളിലെ ആഭരണങ്ങൾ എടുക്കാൻ പറ്റുന്ന വിധത്തിലാക്കി . ഷോറൂമിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങളും ഇയാൾ മോഷ്ടിച്ചു.
കവർച്ച നടന്ന് ഒരുദിവസം കഴിഞ്ഞ് ഫോൺ ഓൺ ആക്കിയതിലൂടെയാണ് പോലീസ് ലോകേഷിലേക്ക് എത്തിയത്. ഫോൺ ട്രാക്ക് ചെയ്ത പോലീസ് തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.











