1965 സെപ്റ്റംബർ ഏഴിന്റെ പ്രഭാതം ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ ആകാശപ്പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. പശ്ചിമ ബംഗാളിലെ കലൈകുണ്ട വ്യോമതാവളം ലക്ഷ്യമിട്ടെത്തിയ പാകിസ്ഥാന്റെ നാല് സാബർ യുദ്ധവിമാനങ്ങളെ ഒറ്റയ്ക്ക് നേരിട്ട് തുരത്തിയ ഫ്ലൈറ്റ് ലഫ്റ്റനന്റ് ആൽഫ്രഡ് കുക്കിന്റെ ധീരതയാണ് കൽക്കട്ടയെ വലിയൊരു വിപത്തിൽ നിന്ന് രക്ഷിച്ചത്. അന്ന് പുലർച്ചെ കലൈകുണ്ട വ്യോമതാവളത്തിൽ പാക് വ്യോമസേന നടത്തിയ ആദ്യ മിന്നലാക്രമണത്തിൽ ഇന്ത്യയുടെ രണ്ട് കാൻബെറ ബോംബറുകളും നാല് വാമ്പയർ വിമാനങ്ങളും തകർന്നിരുന്നു.
ആദ്യ ആക്രമണത്തിന്റെ വിജയലഹരിയിൽ താവളം പൂർണ്ണമായി തകർക്കാൻ പാകിസ്ഥാൻ തൊട്ടുപിന്നാലെ രണ്ടാം വ്യോമാക്രമണത്തിന് മുതിരുകയായിരുന്നു. എന്നാൽ റഡാർ വഴി ശത്രുവിമാനങ്ങളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിഞ്ഞതോടെ, പട്രോളിംഗിലായിരുന്ന ആൽഫ്രഡ് കുക്കിന്റെയും എസ്.സി. മാംഗെയിന്റെയും ഹോക്കർ ഹണ്ടർ വിമാനങ്ങൾക്ക് താവളത്തിന്റെ പ്രതിരോധത്തിനായി ഉടൻ മടങ്ങിയെത്താൻ നിർദ്ദേശം ലഭിച്ചു.
തുടർന്ന് ആകാശത്ത് നടന്നത് ഐഐടി ഖരഗ്പൂരിലെ വിദ്യാർത്ഥികൾ കെട്ടിടങ്ങളുടെ മുകളിൽനിന്ന് വിസ്മയത്തോടെ വീക്ഷിച്ച ത്രസിപ്പിക്കുന്ന ഡോഗ്ഫൈറ്റായിരുന്നു. ഇന്ത്യയുടെ ഹണ്ടർ വിമാനങ്ങളെ കണ്ടയുടൻ പാക് സാബർ വിമാനങ്ങൾ വഴിപിരിഞ്ഞു. രണ്ട് സാബറുകൾ കുക്കിനെ നേരിട്ട് ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ മറ്റ് രണ്ടെണ്ണം വ്യോമതാവളത്തിന് നേരെ തിരിഞ്ഞു. ഒട്ടും പതറാതെ നാല് ശത്രുവിമാനങ്ങൾക്കും നേരെ തിരിച്ചടിച്ച കുക്ക് മൂന്നെണ്ണത്തിന് നേരെയും കൃത്യമായി വെടിയുതിർത്തു.
കുക്കിന്റെ ആക്രമണത്തിൽ പാക് പൈലറ്റ് അഫ്സൽ ഖാൻ പറത്തിയ ആദ്യ സാബർ വിമാനം ആകാശത്തുവെച്ചുതന്നെ തകർന്നു വീണു. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങളെയും ഗുരുതരമായി തകർത്ത കുക്ക്, വെടിയുണ്ടകൾ തീർന്നിട്ടും നാലാമത്തെ വിമാനത്തെ അതിസാഹസികമായി പാക് അതിർത്തി വരെ പിന്തുടർന്ന് തുരത്തി. വിമാനത്താവളം പൂർണ്ണമായും നിശ്ചലമാക്കാനുള്ള പാകിസ്ഥാന്റെ പദ്ധതി തകർത്ത കുക്കിന്റെ പോരാട്ടവീര്യം യുദ്ധത്തിലുടനീളം കലൈകുണ്ട താവളത്തെ സജീവമായി നിലനിർത്തുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.












