ബെയ്ജിംഗ് : ടിബറ്റൻ പർവതനിരയായ ഷിഷാപാങ്മയിൽ ഹിമപാതത്തെ തുടർന്ന് അപകടം. കൊടുമുടി കയറിക്കൊണ്ടിരിക്കുകയായിരുന്ന 50 അംഗ പർവതാരോഹക സംഘം അപകടത്തിൽപ്പെട്ടു. അപകടത്തെ തുടർന്ന് ഈ സംഘത്തിലെ രണ്ട് പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഒരു അമേരിക്കൻ പർവതാരോഹകനും ഒരു നേപ്പാളി ഗൈഡുമാണ് കൊല്ലപ്പെട്ടത്.
ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ ആണ് ഈ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ പതിനാലാം സ്ഥാനത്തുള്ള കൊടുമുടിയാണ് ശിഷപാങ്മ. 8,000 മീറ്ററിലധികം ഉയരമുള്ളതാണ് ഈ കൊടുമുടി. എന്നാൽ ഇത്രയും ഉയരമുള്ള പർവ്വതങ്ങളിൽ വച്ച് ഏറ്റവും എളുപ്പത്തിൽ പർവതാരോഹണം നടത്താവുന്ന കൊടുമുടി കൂടിയായും ശിഷപാങ്മ അറിയപ്പെടാറുണ്ട്.
അമേരിക്ക, ബ്രിട്ടൻ, റൊമാനിയ, അൽബേനിയ, ഇറ്റലി, ജപ്പാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പർവ്വതാരോഹക സംഘമാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ പർവതാരോഹകൻ അന്ന ഗുട്ടുവും നേപ്പാളി ഗൈഡ് മിംഗ്‌മർ ഷെർപ്പയുമാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. മറ്റൊരു അമേരിക്കൻ പർവതാരോഹകയായ ജിന മേരി റുസിഡ്‌ലോ, അവരുടെ നേപ്പാളി ഗൈഡ് ടെൻജെൻ ഷെർപ എന്നിവരെ കാണാതായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Discussion about this post