ജെറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം അഞ്ചാം ദിനമാകുമ്പോൾ അടുത്തഘട്ടതിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇസ്രായേൽ സൈന്യം. കരയുദ്ധം ഏത് നിമിഷവും ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് സൈന്യം നടത്തുന്നത്. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇസ്രയേൽ സൈനികരാണ് ഗാസ അതിർത്തി വളഞ്ഞ് തമ്പടിച്ചിരിക്കുന്നത്. ഉത്തരവ് പുറപ്പെടുവിക്കുന്ന നിമിഷം തന്നെ ആക്രമണം നടത്താൻ തയ്യാറാണെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു. ഗാസയെ ടെന്റ് സിറ്റി അഥവാ അഭയാർത്ഥികളുടെ കേന്ദ്രമാക്കുമെന്ന് ഇസ്രായേൽ തുറന്നടിച്ചു.
ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു. ഗാസയിലെ വൈദ്യുതി നിലയം ഉടൻ അടയ്ക്കും. ഹമാസിന്റെ മുഴുവൻ നേതാക്കളെയും വകവരുത്തുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകി. കാലാൾപ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസർവ് സൈനികരെയും ഗാസ അതിർത്തിക്കു സമീപത്തേക്ക് അയച്ചിട്ടുണ്ട്
തെക്കൻ ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തിൽ അമേരിക്കൻ വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ‘സുപ്രധാന ആക്രമണങ്ങൾക്കും പ്രത്യേക സാഹചര്യങ്ങൾ നേരിടുന്നതിന് സേനയെ പര്യാപ്തമാക്കുന്നതിനുമാണ് ഈ ആയുധങ്ങൾ’ ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു.
ഈ യുദ്ധത്തിന്റെ അവസാനത്തിൽ, ഇസ്രായേലി പൗരന്മാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ കഴിയുന്ന ഒരു സൈനിക ശേഷിയും ഹമാസിന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞു.
Discussion about this post