ന്യൂഡൽഹി: യുദ്ധമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാ ദൗത്യമായ ഓപ്പറേഷൻ അജയ് ഇന്ന് മുതൽ. ആദ്യ വിമാനം ഇന്ന് രാത്രിയോടെ ഇസ്രയേലിൽ നിന്ന് തിരിക്കും. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്നും 230 യാത്രക്കാരുമായി പുറപ്പെടും.ഇതിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ദൗത്യത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ ഉന്നതതല യോഗം നടക്കുകയാണ്. ഇസ്രയേയിലെ ഇന്ത്യൻ അംബാസിഡർ അടക്കം ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എസ് ജയശങ്കറിന്റെ നേതൃത്വത്തിൽ യോഗം.
ഇസ്രയേലിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹമറിയിച്ച് പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇസ്രയേൽ സമയം ഇന്നു രാത്രി 9 മണിക്ക് ടെൽ അവീവിൽനിന്ന് വിമാനം പുറപ്പെടുമെന്നാണ് അറിയിപ്പ്. ഇന്ത്യൻ സമയം ഇസ്രയേൽ സമയത്തേക്കാൾ രണ്ടര മണിക്കൂർ മുന്നോട്ടായതിനാൽ, ഇന്ത്യൻ സമയം രാത്രി 11.30നാകും വിമാനം പുറപ്പെടുക.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഓപ്പറേഷൻ ദേവി ശക്തി, യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗ. ഈ രണ്ട് ദൗത്യങ്ങൾക്കു ശേഷം ഇസ്രായേലിൽ നടക്കുന്ന ഓപ്പറേഷൻ അജയും വിജയമാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.
Discussion about this post