കൊച്ചി: കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ തനിക്ക് നേരിട്ടറിയാമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍. സോളാര്‍ കേസില്‍ അരസ്റ്റിലായ ശേഷവും അദ്ദേഹത്തെ കണ്ടെന്നും സരിത സോളാര്‍ കമ്മീഷനില്‍ പറഞ്ഞു.
കെ.ബി. ഗണേഷ് കുമാര്‍ വഴിയാണ് ബാലകൃഷ്ണപിള്ളയെ തനിക്ക് പരിചയമെന്നും സരിത വ്യക്തമാക്കി. താന്‍ പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ കത്ത് കൈമാറിയത് ആര്.ബാലകൃഷ്ണ പിള്ളയ്ക്കാണ്. അതേസമയം കത്ത് കമ്മിഷന്് കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്രിസ് ശിവരാജന് കമ്മിഷന് മുന്‍പാകെ സരിത ആവശ്യപ്പെട്ടു.
കത്ത് ജയില്‍ സൂപ്രണ്ടിനാണ് കൈമാറിയത്. 21 പേജുള്ളതാണ് കത്തെന്ന സൂപ്രണ്ടിന്റെ ആരോപണം ശരിയല്ല. കത്തെഴുതിയ ശേഷം ജയില്‍ സൂപ്രണ്ടിന് കൈമാറി. പിന്നീട് തന്റെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് സൂപ്രണ്ട് കത്ത് കൈമാറുകായായിരുന്നു. ഫെനിയാണ് ഗണേശിന്റെ പി.എ വഴി പിള്ളയ്ക്ക് നല്‍കിയതെന്നും സരിത പറഞ്ഞു.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ സരിത കമ്മിഷന് പരാതി നല്കി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റു ചെയ്ത ശേഷം തെളിവെടുപ്പിന് മുന്‍പ് തന്റെ വീട്ടില്‍ പരിശോധന നടത്തി ലാപ്ടോപ്പും ഹാര്‍ഡ് ഡിസ്കും പൊലീസ് കൊണ്ടുപോയി.
പിന്നീട് താനുമായി തെളിവെടുപ്പിന് എത്തിയപ്പോള്‍ ഒന്നും ലഭിച്ചില്ലെന്നും സരിത കമ്മിഷന് മുന്‍പാകെ പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോള്‍ പെരുമ്പാവൂര്‍ പൊലീസ് പിടിച്ചെടുത്ത സാധനങ്ങള്‍ എല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഒരു ലാപ്പ്ടോപ്പ്, നാല് മൊബൈല്‍ ഫോണുകള്‍, മൂന്ന് പെന്‍ഡ്രൈവ്, ആറ് സിഡികള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.പിടിച്ചെടുത്ത സിഡികളും പെന്‍ഡ്രൈവുകളും കോടതിയിലെത്തിയില്ലെന്നും സരിത പറഞ്ഞു. തന്റെ മൊഴി മജിസ്ട്രേട്ട് എന്‍വി രാജു എഴുതി എടുത്തിരുന്നുവെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ലാപ്ടോപും രണ്ട് മൊബൈലുകളും മാത്രമേ കോടതിയില്‍ ഹാജരാക്കിയുള്ളൂവെന്നും സരിത പറഞ്ഞു. അറസ്റ്റിലാവുമ്പോള്‍ തന്റെ അക്കൗണ്ടില്‍ 55,000 രൂപ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് അത് കാണാതായി. ഈ തുക സംബന്ധിച്ച യാതൊരു വിവരവും ഇല്ലെന്നും സരിത പറഞ്ഞു. അതേസമയം, സരിതയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന് സോളാര്‍ കമീഷനോട് ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കമീഷന് വ്യക്തമാക്കി.
അടുത്ത മാസം നാലിന് സരിതയെ കമ്മീഷന് വീണ്ടും വിസ്തരിക്കും.
Discussion about this post