ടെൽ അവീവ്:ഇസ്രായേൽ-ഹമാസ് സംഘർഷങ്ങൾക്കിടയിൽ ഇന്ത്യൻ പൌരൻമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഓപ്പറേഷൻ അജയ് പുരോഗമിക്കുന്നു. ടെൽ അവീവിൽ നിന്ന് അഞ്ചാമത്തെ പ്രത്യേക വിമാനവും പുറപ്പെട്ടു. അഞ്ചാമത്തെ പ്രത്യേക വിമാനത്തിൽ 286 യാത്രക്കാർ കൂടി ഇന്ത്യയിലേക്ക് മടങ്ങുന്നു. 18 നേപ്പാൾ പൗരന്മാരും ഇത്തവണ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലുണ്ട്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേലിലെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന 18 നേപ്പാളികളെയും ഇത്തവണ ഓപ്പറേഷൻ അജയ്യിലൂടെ നാട്ടിലെത്തിക്കേണ്ടി വന്നു. ഇസ്രായേലിലെ നേപ്പാൾ അംബാസഡർ കാന്ത റിസാൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുർന്നാണ് സഹായം, ജയ്ശങ്കർ വ്യക്തമാക്കി. ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള അഞ്ചാമത്തെ വിമാനം പുറപ്പെട്ടു കഴിഞ്ഞു. ഓപ്പറേഷൻ അജയ് തുടരുകയാണെന്ന് ഇസ്രായേലിലെ ഇന്ത്യൻ എംബസിയും അറിയിച്ചു
രണ്ട് എംബസികളും (ഇന്ത്യൻ, നേപ്പാളി) പരസ്പരം ബന്ധപ്പെടുകയും സഹകരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പരിമിതമായ സൌകര്യങ്ങൾ കണക്കിലെടുത്ത് നേപ്പാൾ എംബസി 18 പൗരന്മാരെ ഉൾക്കൊള്ളാൻ ആവശ്യപ്പെട്ടു.”ഇസ്രായേലിലെ നേപ്പാൾ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അർജുൻ ധിമിർ പിടിഐയോട് പറഞ്ഞു,
“രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി നേപ്പാളും 254 നേപ്പാൾ പൗരന്മാരെ നേപ്പാൾ എയർലൈൻസ് വഴി നാട്ടിലെത്തിച്ചിരുന്നു. എന്നാൽ ചില ആളുകൾ ദുഷ്കരമായ സാഹചര്യങ്ങളെ നേരിട്ട് അവിടെ നിൽക്കുകയാണെന്ന റിപ്പോർട്ടുകൾ ലഭിച്ചു, ഇതേ തുടർന്നാണ് ഇന്ത്യൻ സർക്കാരിൻറെ സഹായം തേടിയത്. മറ്റുള്ളവരെ കൂടി നാട്ടിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾ ക്രമീകരിക്കാൻ നോക്കുന്നുണ്ട്, ” അർജുൻ ധിമിർ പറഞ്ഞു.
“ഹമാസ് തീവ്രവാദികൾ ഇസ്രായേൽ പട്ടണങ്ങളിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് ആരംഭിച്ച ഓപ്പറേഷൻ അജയ് യുടെ ഭാഗമാണ് പ്രത്യേക വിമാനങ്ങൾ .
ഒക്‌ടോബർ 7 ന് ആയുധധാരികളായ ഹമാസ് തീവ്രവാദികൾ കര, വ്യോമ, കടൽ മാർഗ്ഗം വഴി ഇസ്രായേലിനെതിരെ ആക്രമണം നടത്തുകയായിരുന്നു. തുടർന്നാണ് യുദ്ധ സാഹചര്യത്തിലേക്ക് രാജ്യം നീങ്ങിയത്. ഇതോടെ ഇസ്രായേലിലെ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ദൌത്യം അനിവാര്യമായി തീർന്നു. ടെൽ അവീവിൽ നിന്നുള്ള നാല് ചാർട്ടേഡ് വിമാനങ്ങൾ കുട്ടികളടക്കം 906 യാത്രക്കാരുമായി ഇതിനോടകം ഇന്ത്യയിലെത്തിക്കഴിഞ്ഞു.
Discussion about this post