മലയാളിയുടെ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാൻ ആകാത്ത ഒന്നാണ് കറിവേപ്പിലയുടെ ഉപയോഗം. കറികൾക്ക് രുചി നൽകുന്നതോടൊപ്പം, നിരവധി ഔഷധ ഗുണങ്ങൾ കൂടിയുണ്ട് കറിവേപ്പിലക്ക്. അതിനാൽ ആവശ്യം കഴിഞ്ഞ വലിച്ചെറിയേണ്ടതല്ല കറിവേപ്പില.
വിറ്റാമിൻ എയുടെ കലവറയാണ് കറിവേപ്പില. കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും മുടിയുടെ വേരുകൾക്ക് ബലം നൽകി ആരോഗ്യമുള്ള മുടി ഉണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയിൽ തേക്കുന്നത് അകാലനര ഒഴിവാക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ അന്നജത്തെ വിഘടിപ്പിക്കുന്ന ആൽഫ അമെയ്ലേസ് എൻസൈമിന്റെ ഉത്പാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. കറിവേപ്പിലയിലെ ഹൈപ്പർ ഗ്ലൈസെമിക് പദാർത്ഥങ്ങളാണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നത്.
ദഹനസംബന്ധമായ പ്രശ്നങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ നിയന്ത്രിക്കാനും കറിവേപ്പിലക്ക് കഴിവുണ്ട്. ദിവസവും ആഹാരത്തിൽ കറിവേപ്പില ഉൾപ്പെടുത്തിയാൽ കാഴ്ചശക്തിയും ഓർമ്മശക്തിയും വർദ്ധിക്കുകയും മലബന്ധം ഒഴിവാകുകയും മാനസിക സമ്മർദ്ദം കുറയുകയും ചെയ്യുന്നു എന്ന് ആയുർവേദ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
Discussion about this post