തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ രണ്ടാം പിണറായി സർക്കാർ ബിജെപിയുടെ കുട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 7 വർഷമായി മുഖ്യമന്ത്രി നരേന്ദ്രമോദിയെന്നോ അമിത് ഷായെന്നോ മിണ്ടുന്നില്ലെന്നുള്ളത് ഇതിന് ഉദാഹരണമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കർണാടകയിൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നതിന് പിണറായി വിജയൻ പിന്തുണ നൽകിയിരുന്നതായി ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡ പറഞ്ഞത് വളരെ ശരിയാണെന്നാണ് കരുതുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ദേവഗൗഡയുടെ വെളിപ്പെടുത്തലിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്ത് വരികയാണെന്നും ചെന്നിത്തല സൂചിപ്പിച്ചു. എല്ലാം രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. ദേവഗൗഡയുടെ വാക്കുകൾ സത്യമാണെന്ന് തന്നെയാണ് കരുതുന്നത്. അങ്ങനെ അല്ലെങ്കിൽ എന്ത് കൊണ്ടാണ് കെ കൃഷ്ണൻകുട്ടി ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ചെന്നിത്തല ചോദ്യമുയർത്തി. ബിജെപി സഖ്യത്തിന് പിണറായി വിജയൻ അടക്കമുള്ളവർ പിന്തുണ നൽകിയെന്ന ദേവഗൗഡയുടെ പ്രസ്താവന ഇപ്പോൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Discussion about this post