തിരുവനന്തപുരം; വി.എസ് അച്യുതാനന്ദന്റെ 100 ാം പിറന്നാൾ ദിനത്തിൽ ആശംസ നേരാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. വൈകിട്ടാണ് മുഖ്യമന്ത്രി ഒരു ചടങ്ങിന് പോകും വഴി കുന്നുകുഴിയിലെ വി.എസിന്റെ വീട്ടിലെത്തിയത്.
പിറന്നാൾ ദിനത്തിൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ‘വിഎസിന്റെ ജീവിതം ഒരു സമര നൂറ്റാണ്ട്’ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലേക്ക് പോകുകയായിരുന്നു പിണറായി. വി.എസ് ഉറക്കമായതിനാൽ അദ്ദേഹത്തിന് നേരിട്ട് ആശംസ അറിയിക്കാനായില്ല. മകൻ വി.എ അരുൺ കുമാറിനെയും വി.എസിന്റെ പത്നിയോടും ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി ഉടൻ തന്നെ മടങ്ങി.
രാവിലെ മുതൽ വിഎസ് കഴിയുന്ന കുന്നുകുഴിയിലെ വീട്ടിലേക്ക് മന്ത്രിമാരടക്കം കാണാൻ എത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി എന്നിവർ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയും എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ യാത്ര പിന്നെയും വൈകി. ഡോക്ടർമാർ സന്ദർശകർക്ക് വിലക്ക് കൽപിച്ചതിനാൽ എത്തിയ ആർക്കും വി.എസിനെ അടുത്ത് കാണാൻ സാധിച്ചില്ല.
രാവിലെ പി.കെ ശ്രീമതി ഉൾപ്പെടെയുളളവരും വീട്ടിലെത്തിയെങ്കിലും വി.എസ് ഉറക്കമായതിനാൽ ദൂരെ നിന്ന് കണ്ട് മടങ്ങുകയായിരുന്നു. സിഎസ് സുജാതയും പി.കെ ശ്രീമതിക്ക് ഒപ്പം ഉണ്ടായിരുന്നു. മനസുകൊണ്ട് ആശംസ അർപ്പിച്ചതായും ഉണരുമ്പോൾ വന്നുകണ്ടുവെന്ന് വി.എസിനെ അറിയിക്കണമെന്ന് മക്കളോട് പറഞ്ഞതായും പി.കെ ശ്രീമതി പറഞ്ഞു.
Discussion about this post