തൃശൂര്‍: തടവുകാര്‍ക്കായി തയാറാക്കിയ ഭക്ഷണം രുചിച്ചുനോക്കാന്‍ പോലും തയ്യാറാകാതെ ജയില്‍ ഡിജിപി ഋഷിരാജ് സിങ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണു തടവുകാര്‍ക്കൊരുക്കിയ ഭക്ഷണം നിലവാരമില്ലാത്തതാണെന്നു കണ്ടു രുചിച്ചുനോക്കാന്‍ പോലും ഋഷിരാജ് സിങ് തയാറാകാതിരുന്നത്. ‘ഈ മോശം ഭക്ഷണം ഞാനെന്തിനു കഴിക്കണം’ എന്ന ചോദ്യവുമായി ഉച്ചഭക്ഷണം കഴിക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു.
ജയിലില്‍ ലഭിക്കുന്നതു മോശം ഭക്ഷണമാണെന്നു തടവുകാര്‍ കൂട്ടത്തോടെ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ പ്രതികരണം. മധ്യമേഖല ജയില്‍ സൂപ്രണ്ടുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയതായിരുന്നു. യോഗത്തിനു ശേഷം തടവുകാരുമായി സംവദിക്കുന്നതിനിടെ ജയിലിലെ ഭക്ഷണത്തിന്റെ നിലവാരം മഹാമോശമെന്ന് അവര്‍ പരാതിപ്പെട്ടു.
സാധാരണഗതിയില്‍ തടവുകാര്‍ക്കുള്ള ഭക്ഷണം രുചിച്ചുനോക്കി ‘പാസ്’ അഥവാ അനുമതി നല്‍കേണ്ട ചുമതല ജയില്‍ സൂപ്രണ്ടിനാണ്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഈ ചുമതല അവര്‍ക്കായ!ിരിക്കും. ചോറും മീന്‍കറിയും പുളിശേരിയുമടക്കം ഇന്നലെ ഒരുക്കിയ ഉച്ചഭക്ഷണം രുചിച്ചുനോക്കാന്‍ എത്തിച്ചപ്പോഴാണു ഋഷിരാജ് സിങ് നിരസിച്ചത്.
മുന്‍പു ജയില്‍ സന്ദര്‍ശനത്തിനെത്തിയ പല ഉന്നത ഉദ്യോഗസ്ഥരോടും ഇതേ പരാതി പലവട്ടം ആവര്‍ത്തിച്ചിരുന്നെങ്കിലും ഒരു മാറ്റമുണ്ടായിരുന്നില്ല. ഡിജിപിയുടെ പ്രതികരണം ജയില്‍ ജീവനക്കാര്‍ക്കൊപ്പം തടവുകാരിലും അമ്പരപ്പ് സൃഷ്ടിച്ചു.
Discussion about this post