തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ നടന്ന പ്രതിഷേധത്തിനിടയിൽ പൊതുമുതൽ നശിപ്പിച്ചതിന് കോൺഗ്രസ് എംപിമാർക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ എംപിയായ ടി എൻ പ്രതാപനും ആലത്തൂർ എംപിയായ രമ്യ ഹരിദാസും ആണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 7 ലക്ഷം രൂപയുടെ പൊതുമുതലാണ് പ്രതിഷേധത്തിനിടയിൽ നശിപ്പിക്കപ്പെട്ടത്.
ടോൾ പിരിക്കാതെ വാഹനങ്ങൾ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ പാലിയേക്കരയിലെ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നത്. പ്രതിഷേധ പ്രകടനത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. അനിൽ അക്കര, ജോസഫ് ടാജറ്റ് എന്നിവരെയും കണ്ടാലറിയാവുന്ന 146 പേരെയും കൂടി പ്രതിചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധ സമരത്തിനിടയിൽ പൊതുമുതൽ നശിപ്പിച്ച് 7,05,920 രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്ക് ഉണ്ടാക്കിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പാലിയേക്കരയിലെ പ്രതിഷേധത്തിനിടയിൽ തന്റെ കൈക്ക് പരിക്ക് പറ്റിയെന്ന് ടി എൻ പ്രതാപൻ എംപി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. സംഘർഷം ഉണ്ടായതിന് കാരണം പോലീസ് ആണെന്ന് വി ടി ബലറാമും ആരോപണമുന്നയിച്ചു. സംഭവത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.








